ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരാന്‍ സംസ്ഥാനത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യം ; പുതിയ നിബന്ധനയുമായി കേന്ദ്രം

വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഇനി സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതി വേണം. ചാര്‍ട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ഇതുവരെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. എന്നിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമായിരുന്നു.

പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെയാണ് ചാര്‍ട്ടേഡ് വിമാന അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി ലഭിച്ചു വേണം ഇനി അപേക്ഷകള്‍ തുടര്‍ നടപടിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാന്‍. സംസ്ഥാനത്തിന്റെ അനുമതി ലഭിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറന്‍സ് കിട്ടാന്‍ എംബസികളെയും കോണ്‍സുലേറ്റുകളെയും സമീപിക്കാം.

ഇതോടെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നത് രണ്ട് ദിവസത്തിനുള്ളില്‍ ഗള്‍ഫിലെ നയതന്ത്ര കേന്ദ്രങ്ങള്‍ നിര്‍ത്തി വെക്കും എന്നാണ് വിവരം. സമയനഷ്ടവും അനിശ്ചിതത്വവും നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ചാര്‍ട്ടേഡ് വിമാന പദ്ധതികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. കേരളസര്‍ക്കാര്‍ തുടക്കം മുതല്‍ ഇത്തരം ചാര്‍ട്ടേഡ് വിമാനങ്ങളുടെ വിഷയത്തില്‍ മുഖം തിരിച്ചു നിന്ന സമീപനമായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. പുതിയ നിബന്ധന നിലവില്‍ വന്നതോടെ പ്രവാസികളുടെ മടക്കം ഇനിയും കഷ്ട്ടത്തിലാകും എന്ന് ഉറപ്പായി.