കൊറോണ ബാധയ്ക്ക് ഇടയിലും 11 ലക്ഷം കോടി വിപണിമൂല്യം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

കൊറോണയും ലോക്ക് ഡൌണ്‍ഉം കാരണം രാജ്യത്തെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തിയ വേളയിലും വിപണിമൂല്യം 11 ലക്ഷം കോടി രൂപയിലെത്തിയ രാജ്യത്തെ ആദ്യത്തെ കമ്പനിയായി തീര്‍ന്നിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 11,43,667 കോടി രൂപയുടെ വിപണിമൂല്യമുള്ള കമ്പനിയായാണ് മുകേഷ് അംബാനി ചെയര്‍മാനായ റിലയന്‍സ് ഇന്‍ഡസ്ട്രി തിങ്കളാഴ്ച മാറിയത്.

ബിഎസ്ഇയില്‍ രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 28,248.97 കോടി രൂപയില്‍ നിന്ന് വിപണിമൂല്യം 11,43,667 കോടി രൂപയായി (150 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ഉയരുകയായിരുന്നു. ബിഎസ്ഇയില്‍ ആര്‍ഐഎല്‍ ഓഹരിമൂല്യം 2.53 ശതമാനം വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡായ 1804.10ല്‍ എത്തി. എന്‍എസ്ഇയില്‍ ഇത് 2.54 ശതമാനം വര്‍ധിച്ച് 1804.20ല്‍ എത്തി. 11 ലക്ഷം വിപണി മൂല്യമുള്ള രാജ്യത്തെ ആദ്യത്തെ കമ്പനിയായി വെള്ളിയാഴ്ച തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറിയിരുന്നു.

എണ്ണ മുതല്‍ ടെലികോം മേഖല വരെ ഉള്‍പ്പെടുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് കടമില്ലാ കമ്പനിയായി മാറിയെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. രണ്ടുമാസത്തിനിടെ ഏതാണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചതോടെയാണു കമ്പനി കടമില്ലാക്കമ്പനിയായി മാറിയതെന്നു മുകേഷ് അംബാനി പറഞ്ഞു.

ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 24.71ശതമാനം ഉടമസ്ഥതാവകാശം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വിറ്റ് 1.15 ലക്ഷംകോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് 58 ദിവസംകൊണ്ട് സമാഹരിച്ചത്. അവകാശ ഓഹരി വില്പനയിലൂടെ 53,124 കോടി രൂപ സമാഹരിക്കാനും കമ്പനിക്കായി. ഇന്ധന ചില്ലറവില്‍പന ബിസിനസിന്റെ 49 ശതമാനം ഓഹരി ബ്രിട്ടീഷ് കമ്പനിയായ ബിപിക്കു നല്‍കി കഴിഞ്ഞ വര്‍ഷം 7000 കോടി സമാഹരിച്ചതുകൂടി കണക്കിലെടുത്താല്‍ ആകെ മൂലധനസമാഹരണം 1.75 ലക്ഷം കോടിയായി.

2020 മാര്‍ച്ച് 31ന് കമ്പനിക്ക് 1,61,035 കോടി കടബാധ്യതയുണ്ടായിരുന്നു. പുതിയ നിക്ഷേപങ്ങള്‍ വന്നതോടെയാണ് കടരഹിത കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറിയത്. കഴിഞ്ഞ വ്യാഴാഴ്ച സൗദിയിലെ പൊതുനിക്ഷേപ ഫണ്ടായ പിഐഎഫ് 11,367 കോടി രൂപയുടെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമില്‍ നടത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ ഓഹരിമൂല്യത്തില്‍ 19 ശതമാനം വര്‍ധനയാണുണ്ടായത്.