ബിഹാറില്‍ അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേപ്പാള്‍ തടഞ്ഞു
ബിഹാറില്‍ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ. ഇതിന് മുന്‍പ് ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഗണ്ഡക് അണക്കെട്ടിന് 36 ഗേറ്റുകളാണുള്ളത്. ഇതില്‍ 18 എണ്ണം നേപ്പാളിലേക്കാണ്. പ്രളയസാധ്യത മുന്നില്‍ക്കണ്ടാണ് നേപ്പാളിന്റെ നീക്കമെന്ന് സഞ്ജയ് ഝാ പറഞ്ഞു. ലാല്‍ ബാകേയ നദി നിറഞ്ഞുകവിയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് ജാ വ്യക്തമാക്കി.
അതിര്‍ത്തിയിലെ ലാല്‍ബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബിഹാറില്‍ പ്രളയത്തിനുള്ള സാധ്യത കൂട്ടും. ഇത് മുന്‍കൂട്ടി കണ്ട് നടത്തിയ അറ്റകുറ്റപ്പണിയാണ് നേപ്പാള്‍ അതിര്‍ത്തി രക്ഷാസേന തടഞ്ഞത്. എഞ്ചിനീയര്‍മാരും ജില്ലാ കളക്ടറും നേപ്പാള്‍ അധികൃതരുമായി സംസാരിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെ പുതിയ നടപടി. അതേസമയം നേപ്പാളിന്റെ ഈ നടപടികള്‍ക്ക് പിന്നില്‍ ചൈന ആണെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.