സംഘര്‍ഷ മേഖലയില്‍ നിന്നും ഇന്ത്യാ ചൈന സേനാ പിന്‍മാറ്റത്തിന് ധാരണ

ഇന്ത്യാ ചൈന സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇന്നലെ നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ പിന്‍വാങ്ങാന്‍ ഇരുസൈന്യവും തീരുമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സൈനിക പിന്‍മാറ്റത്തിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.

ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തിയത്. രാവിലെ 11:30 ഓടെ ചൈനീസ് പ്രദേശമായ മോള്‍ഡോയില്‍ ആരംഭിച്ച ചര്‍ച്ച ഏകദേശം 11 മണിക്കൂര്‍ നീണ്ടു നിന്നുവെന്നാണ് വിവരം. മാത്രമല്ല ചൈനീസ് പ്രകോപനത്തില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പും രേഖപ്പെടുത്തി എന്നാണ് വിവരം. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസത്തില്‍ രണ്ടാം തവണയാണ് ഇരു രാജ്യങ്ങളിലേയും സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

ഇതിന് മുന്‍പ് ജൂണ്‍ ആറിനാണ് ഇരുരാജ്യങ്ങളിലേയും കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. അന്നത്തെ ചര്‍ച്ചയില്‍ പ്രദേശങ്ങളില്‍ നിന്നും ഒരു രാജ്യങ്ങളും പിന്മാറാമെന്ന് ധാരണ ആയിയെങ്കിലും ഇതെല്ലാം കാറ്റില്‍ പറപ്പിച്ചുകൊണ്ടാണ് ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യം പ്രകോപനം നടത്തിയത്. കിഴക്കന്‍ ലഡാക്കില്‍ അടുത്ത ദിവസങ്ങളിലായി വലിയ സംഘര്‍ഷ സ്ഥിതിയുണ്ടായിരുന്നു. നേരത്തെ ചൈന കമാന്‍ഡര്‍മാരുടെ യോഗത്തിന് ഇന്ത്യയെ ക്ഷണിച്ചിരുന്നെങ്കിലും ഗല്‍വാനില്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗല്‍വാനിലെ പ്രധാന സൈനിക പോസ്റ്റില്‍ നിന്ന് ചൈന കഴിഞ്ഞ ദിവസം അല്പം പിന്നോട്ട് പോയിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കമാന്റര്‍ ല്ഫറ്റനന്റ് ജനറല്‍ ഹരീന്ദ്ര സിങ് മോല്‍ഡോയിലേക്ക് എത്തി ചര്‍ച്ചയ്ക്ക് തയ്യാറായത്. ഈ ചര്‍ച്ചയിലാണ് പ്രധാന മേഖലകളില്‍ നിന്ന് ഇരുസൈന്യവും പിന്നോട്ടു പോകാന്‍ തീരുമാനിച്ചത്. പാങ്ങോങ് നദിക്കരയില്‍ നിന്ന് 500 മീറ്റര്‍ അകലത്തിലാണ് ഇരു സൈന്യവും നിലയുറപ്പിചിരുന്നത്. അതില്‍ നിന്ന് ഇരു രാജ്യത്തിന്റെ സൈനികരും പിന്നോട്ടുപോകാനാണ് തീരുമാനിച്ചത്.