ഒരു മലയാളി ബിസിനസുകാരന്‍ കൂടി ദുബായില്‍ ആത്മഹത്യ ചെയ്തു

ദുബായില്‍ ഒരു മലയാളി വ്യവസായി കൂടി ജീവനൊടുക്കി. സ്‌പെയ്‌സ് സൊല്യൂഷന്‍സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടറായ അജിത് തയ്യിലാണ് തിങ്കളാഴ്ച ഷാര്‍ജ ടവറില്‍ നിന്ന് ചാടി മരിച്ചത്. ഷാര്‍ജ പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ടി 20 ടൂര്‍ണമെന്റിന്റെ ഡയറക്ടറായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയിലേക്ക് പോകുന്നതിനിടെ ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ‘ഷാര്‍ജ ടവറില്‍ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹത്തെ അല്‍ കാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം ഫോറന്‍സിക് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ രണ്ട് മാസത്തിനിടെ യുഎഇയില്‍ ആത്മഹത്യ ചെയ്ത രണ്ടാമത്തെ കേരള വ്യവസായിയാണ് തയ്യില്‍. ഏപ്രിലില്‍ പ്രമുഖ വ്യവസായിയായിരുന്ന ജോയ് അറയ്ക്കലും സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തിരുന്നു. അതേസമയം സാമ്പത്തിക ബാധ്യതകളാണോ ആത്മഹത്യക്ക് പിന്നില്‍ എന്ന് അന്വേഷിച്ചാല്‍ മാത്രമേ അറിയാന്‍ പറ്റുകയുള്ളു എന്ന് പോലീസ് അറിയിച്ചു.