വന്യജീവി ശല്യം-കര്‍ഷകസംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: വന്യജീവി അക്രമംമൂലം മനുഷ്യന്‍ കൊലചെയ്യപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും ഒരു നടപടികളുമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയനിലപാട് തുടരുന്ന പശ്ചാത്തലത്തില്‍ സംയുക്ത പ്രക്ഷോഭവുമായി കര്‍ഷകസംഘടനകള്‍.
കേരളത്തിലെ 36 കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് സംഘടിതനീക്കം ആരംഭിച്ചിരിക്കുന്നത്. വന്യമൃഗശല്യം മൂലം നൂറുകണക്കിന് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും കര്‍ഷകന് കൃഷിയിടങ്ങളില്‍ ഇറങ്ങുവാന്‍പോലും സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുകയും ചെയ്തിട്ടും കര്‍ഷകനെയും കൃഷിയെയും സംരക്ഷിക്കാന്‍ യാതൊരു നടപടികളുമില്ലാതെ പുത്തന്‍കാര്‍ഷികപദ്ധതി പ്രഖ്യാപനങ്ങളും ഉദ്ഘാടനമാമാങ്കങ്ങളും നടത്തി ഭരണനേതൃത്വങ്ങള്‍ കര്‍ഷകരെ വിഢികളാക്കുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്ന് കര്‍ഷകനേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന കരിനിയമങ്ങളും വ്യവസ്ഥകളും പൊളിച്ചെഴുതണമെന്നും ജനപ്രതിനിധികള്‍ കര്‍ഷകസമീപനം സ്വീകരിക്കാതെ ഉദ്യോഗസ്ഥ അടിമകളായി അധഃപതിക്കുന്നത് അപമാനകരമാണെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
കര്‍ഷകപ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കാര്‍ഷികമേഖലകളില്‍ സന്ദര്‍ശനം നടത്തി വന്യമൃഗഅക്രമണത്തില്‍ മരണമടഞ്ഞ കര്‍ഷകരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണുന്നതിനും കൃഷിനാശം സംഭവിച്ചവരുമായി സംവദിച്ച് വിവരശേഖരണം നടത്തുന്നതിനുമായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ ചെയര്‍മാനായി ഉപസമിതിയെ ചുമതലപ്പെടുത്തി. വന്യമൃഗ അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും കൃഷിനശിച്ച കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നിയമനടപടികളും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സ്വീകരിക്കുന്നതാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബിനോയ് തോമസിന്റെ നേതൃത്വത്തില്‍ കര്‍ഷകമുഖാമുഖം പരിപാടി കാസര്‍ഗോഡ് നിന്നാരംഭിക്കും.
സംസ്ഥാന നേതൃസമ്മേളനത്തില്‍ വൈസ്ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷതവഹിച്ചു. ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു വിഷയാവതരണം നടത്തി. അഡ്വ.ബിനോയ് തോമസ് ചെയര്‍മാനായി കടബാധ്യകളും കര്‍ഷകനും, അഡ്വ.ജോണ്‍ ജോസഫ് ചെയര്‍മാനായി പ്രളയവും കര്‍ഷകനും, പ്രെഫ.ജോസുകുട്ടി ഒഴുകയില്‍ ചെയര്‍മാനായി വാണിജ്യകരാറുകളും കര്‍ഷകനും എന്നിങ്ങനെ പഠനസമിതികള്‍ക്കും സമ്മേളനം രൂപം നല്‍കി. വിവിധ കര്‍ഷക സംഘടനാ നേതാക്കളായ ഫാ.ജോസ് കാവനാടി, ബേബി സഖറിയാസ്, രാജു സേവ്യര്‍, ജോസ് ആനിത്തോട്ടം, എ.എന്‍.മുകുന്ദന്‍, ജോയി കണ്ണംചിറ, പി.ജെ.ജോണ്‍ മാസ്റ്റര്‍, അഡ്വ.ജോണ്‍ ജോസഫ്, ജനറ്റ് മാത്യു, അബ്ദുള്ള, അപ്പച്ചന്‍ ഇടുക്കി, ജോയി നിലമ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടുള്ള കര്‍ഷക ഉപവാസസമരത്തിന് കാര്‍ഷിക പുരോഗമന സമതിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ ജൂണ്‍ 25ന് തുടക്കംമാകും. രാവിലെ 9.30ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയില്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലേയ്ക്ക് പ്രക്ഷോഭങ്ങള്‍ ശക്തമാക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് തോമസ് പറഞ്ഞു.