ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വ്യാപനം ; സംസ്ഥാനത്ത് ലക്ഷണങ്ങള്‍ ഇല്ലാതെയും രോഗികള്‍
സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. സംസ്ഥാനത്ത് 3481 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1620 പേരാണ് ഇപ്പോള്‍ ചിക്തസയിലുള്ളത്. ആകെ രോഗികളില്‍ 95 ശതമാനം പുറത്തു നിന്നെത്തിയവരാണ്. തിരുവനന്തപുരത്ത് 8 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ഒരു കുടുംബത്തിലെ 4 പേരും ഉള്‍പ്പെടുന്നു. രോഗ ലക്ഷേണം ഇല്ലാത്തവരിലും രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
20 ശതമാനം പേര്‍ക്കു മാത്രമാണ് തീവ്രമായ തോതില്‍ ലക്ഷണമുള്ളത്. അതേസമയം രോഗലക്ഷണങ്ങള്‍ പുറത്ത് കാണിക്കാത്തവരില്‍ നിന്ന് രോഗ പകര്‍ച്ചയ്ക്ക് സാധ്യത കുറവാണെന്നാണ് വിവരം. പൊതു സ്ഥലത്തുള്ള കരുതല്‍ വീട്ടിനകത്തും വേണം.പ്രത്യേകിച്ചും വയോധികരും കുഞ്ഞുങ്ങളുമായി ഇടപെടുമ്പോള്‍. ഉറവിടം കണ്ടെത്താത്ത കേസുകള്‍ സമൂഹ വ്യാപനത്തിന്റെ സൂചനയാണ്. ഇന്ത്യ മൊത്തമായി എടുത്താല്‍ ഉറവിടം കണ്ടെത്താനാകാത്തത് 40 ശതമാനം രോഗികള്‍ക്ക് ആണ്. കേരളത്തില്‍ ഇത് 2 ശതമാനമാണ്. ഉറവിടം അറിയാതെ രോഗം ബാധിക്കുന്ന മേഖലയില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് കണ്ടയ്ന്‍മന്റ് സോണുകളായി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ ആ രീതി ഫലം കണ്ടു.
4,473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3,451 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.