സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ്
കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 98 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. തുടര്‍ച്ചയായി ആറാം ദിനമാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ നൂറ് കടക്കുന്നത്. 81 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. 1691 പേര്‍ ചികില്‍സയിലുണ്ട്. 1,54,759 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 2,282 പേര്‍ ആശുപത്രികളില്‍. ഇന്ന് 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാംപിള്‍ പരിശോധനക്ക് അയച്ചു. 4005 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് സ്‌ക്രീനിങ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലര്‍ ഇറങ്ങിയത്. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ രോഷം സൃഷ്ടിക്കാനുമുള്ള ശ്രമമുണ്ടായി. ഒരു കാര്യം തുടക്കത്തിലേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താല്‍പര്യമുള്ള പ്രവാസികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. ആ ഒരു നിലപാടില്‍നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പുറകോട്ട് പോയിട്ടില്ല. ഈ നിമിഷം വരെ കേരള സര്‍ക്കാര്‍ ഒരു വിമാനത്തിന്റെയും വരവും വിലക്കിയിട്ടില്ല.
72 ഫ്‌ലൈറ്റുകള്‍ ഇന്ന് മാത്രം കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 14,058 പേരാണ് ഈ ഫ്‌ലൈറ്റുകളില്‍ ഇന്ന് നാട്ടിലെത്തുന്നത്. ഒന്ന് ഒഴികെ ബാക്കി 71ഉം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്. കൊച്ചി 24, കോഴിക്കോട് 22, കണ്ണൂര്‍ 16, തിരുവനന്തപുരം 10 ഇത്തരത്തിലാണ് അനുമതി നല്‍കിയത്. നമ്മുടെ ആളുകള്‍ നാട്ടിലെത്തണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇതുവരെ 543 വിമാനങ്ങളും 3 കപ്പലുകളും സംസ്ഥാനത്തെത്തി. 335 എണ്ണം ചാര്‍ട്ടേഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേ ഭാരത് മിഷന്റെ ഭാഗമായി വന്നതാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1,114 വിമാനങ്ങള്‍ അനുമതി നല്‍കി. ജൂണ്‍ 30വരെ 462 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്.