തന്റെ മക്കള്‍ക്ക് നീതി ലഭിച്ചില്ല എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ; സര്‍ക്കാര്‍ വഞ്ചിച്ചു

തന്റെ മക്കള്‍ക്ക് നീതി ലഭിച്ചില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിക്കാന്‍ കൂടെ നിന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസ് അന്വേഷിച്ച ഡിവൈഎസ്പി എംജെ സോജന് എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയ വിഷയത്തിലായിരുന്നു പ്രതികരണം. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതായും നിര്‍ഭയയുടെ അമ്മ തെരുവിലിറങ്ങിയതുപോലെ മക്കളുടെ നീതിയ്ക്കായി താനും തെരുവിലിറങ്ങുമെന്നും അമ്മ ഭാഗ്യവതി പറഞ്ഞു.

മാധ്യമങ്ങളോട് വികാരാധീനയായി പ്രതികരിച്ച ഭാഗ്യവതി, ‘തന്റെ മക്കള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മക്കളെ ഇല്ലാതാക്കിയ ദ്രോഹികള്‍ രക്ഷപെടാന്‍ കാരണക്കാരായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം കിട്ടിയെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും അമ്മ പ്രതികരിച്ചു. തങ്ങള്‍ തുടക്കം മുതല്‍ ചതിക്കപ്പെട്ടയാള്‍ക്കാരാണെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ കിട്ടിയില്ല. നിര്‍ഭയയുടെ അമ്മ ആ കുഞ്ഞിനു വേണ്ടി തെരുവിലിറങ്ങിയപ്പോള്‍ നീതി കിട്ടി. ആ കാര്യം ടിവിയിലൂടെ കണ്ടതാണ്. അതുപോലെ ഞാനും തെരുവിലിറങ്ങിയാല്‍ നീതികിട്ടുമെന്ന് ഉറപ്പായിരുന്നു. തന്റെ മരണം വരെ നീതിയ്ക്കായി തെരുവിലിറങ്ങി സമരം ചെയ്യും’- അമ്മ പ്രതികരിച്ചു.

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളില്‍ 13 വയസുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും 9 വയസുകാരിയായ പെണ്‍കുട്ടിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദീപ് കുമാര്‍, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണ് പ്രതികള്‍. ഇതില്‍ പ്രദീപ്കുമാര്‍, വലിയ മധു എന്നിവര്‍ 2 കേസുകളിലും പ്രതിയാണ്. തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും കോടതി ആദ്യം വെറുതെ വിട്ടിരുന്നു. തുടര്‍ന്ന് വന്‍ജനരോഷമാണ് ഇതിനെതിരെ ഉണ്ടായത്.