വെള്ളാപ്പള്ളിക്ക് എതിരെ കുറിപ്പ് എഴുതിയ ശേഷം എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ചു

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ ആണ് യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ചത്. മൈക്രോ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് ഇന്നലെ മഹേശനെ ചോദ്യം ചെയ്തിരുന്നു. യൂണിയന്‍ നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും ആരോപിച്ച് സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ച ശേഷമാണ് മഹേശന്‍ ആത്മഹത്യ ചെയ്തത്.

മൂന്ന് പതിറ്റാണ്ടിലധികം വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായിരുന്നു കെ കെ മഹേശന്‍. രാവിലെ ഏഴരയ്ക്കാണ് പൊക്കളാശേരിയിലെ വീട്ടില്‍ നിന്ന് കെ.കെ മഹേശന്‍ കണിച്ചുകുളങ്ങര ഓഫീസിലെത്തിയത്. 10 മണി കഴിഞ്ഞും ഫോണില്‍ കിട്ടാതെ വന്നതോടെ ബന്ധു വന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം നിലയില്‍ മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.

ഇന്നലെ രാത്രി 32 പേജുളള കത്ത് സഹപ്രവര്‍ത്തകര്‍ക്ക് അയച്ചിരുന്നു. കഴിഞ്ഞ ഒന്‍പതിന് ക്രൈം ബ്രാഞ്ചിന് നല്‍കിയ കത്തും ഇതിലുണ്ട്. വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ട്. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ജീവനോടുക്കുമെന്നാണ് കത്തിലുണ്ടായിരുന്നത്. 37 ലക്ഷത്തില്‍പരം രൂപ യൂണിയനിലേക്ക് വെള്ളാപ്പള്ളി നടേശന്‍ നല്‍കാനുണ്ട്. ബാങ്കില്‍ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നേരിടേണ്ടിവരുമെന്നും കത്തിലുണ്ട്. അതേസമയം മഹേശന്റെ ആരോപണത്തില്‍ എസ്എന്‍ഡിപി യോഗം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.