ഫെയര്‍ ആന്‍ഡ് ലവ്ലിയില്‍ നിന്നും ഫെയര്‍ ഒഴിവാക്കാന്‍ തീരുമാനം ; ഇനി ഫെയര്‍ ഇല്ലാത്ത ലവ്‌ലി

കറുത്ത സ്ത്രീകളെ ദിവസങ്ങള്‍ക്കുള്ളില്‍ വെളുത്ത സുന്ദരിമാര്‍ ആക്കി തീര്‍ക്കാം എന്ന അവകാശവാദം പതിറ്റാണ്ടുകളായി ഉയര്‍ത്തിയ ഒരു പ്രമുഖ ക്രീം ആണ് ഫെയര്‍ ആന്‍ഡ് ലവ്ലി. എന്നാല്‍ ‘ഫെയര്‍ ആന്‍ഡ് ലവ്ലി’ എന്ന പേര് മാറ്റാന്‍ ഉള്ള തീരുമാനത്തിലാണ് അതിന്റ നിര്‍മ്മാതാക്കള്‍. ഈ ക്രീമിന്റെ പേരില്‍ നിന്ന് ‘ഫെയര്‍’ എന്ന വാക്ക് നീക്കംചെയ്യാന്‍ കമ്പനി തീരുമാനിച്ചു.

യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ ‘ഫെയര്‍’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി അറിയിച്ചു. പുതിയ പേര് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പ്രഖ്യാപിക്കൂ. ഞങ്ങള്‍ ചര്‍മ്മത്തെ മനോഹരമാക്കുന്നതിന് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും ഈ ക്രീമിന്റെ ബ്രാന്‍ഡില്‍ നിന്നും നിറം വെളുപ്പിക്കാന്‍ എന്ന പദം എടുത്തു മറ്റുന്നുവെന്നും മാത്രമല്ല ഫെയര്‍നെസ്, വൈറ്റനിംഗ്, ലൈറ്റനിംഗ് തുടങ്ങിയ പദങ്ങള്‍ ഒരിക്കലും അതിന്റെ പ്രമോഷനുകളില്‍ ഉപയോഗിക്കരുതെന്നും കമ്പനി തീരുമാനിച്ചു.

വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് കമ്പനിയുടെ ഈ ഉല്‍പ്പന്നത്തിന് കഴിഞ്ഞ വര്‍ഷം മുതല്‍ സൗന്ദര്യം, വെളുത്ത നിറം എന്നീ കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും ഒരു സ്ത്രീയുടെ സൗന്ദര്യത്തെ അവളുടെ നിറത്താല്‍ വിഭജിക്കരുതെന്ന് പ്രതിഷേധിച്ച് പല വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നുവെന്നും ആരോപണമുണ്ട്.

കമ്പനിയുടെ ഇത്തരം ഫെയര്‍നെസ്സ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളുള്ളത് ദക്ഷിണേഷ്യയിലാണ്. വെളുത്ത നിറം നല്കുമെന്ന അവകാശ വാദം ഉന്നയിക്കുന്ന ഈ ഉത്പന്നങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇക്കാരണത്താലാണ് കമ്പനി ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.യൂണിലിവറിന്റെ ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച് പരാമര്‍ശമുള്ള ഉത്പന്നങ്ങളെക്കുറിച്ച് നേരത്തെയും ജനരോഷം ഉയര്‍ന്നിരുന്നുവെങ്കിലും അടുത്ത കാലത്തായി അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പ് വിഷയം വീണ്ടും ഇതിനെ പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കി.

ഫെയര്‍ ആന്‍ഡ് ലവ്ലി ബ്രാന്‍ഡ് 1975 ലാണ് സമാരംഭിച്ചത്. കമ്പനി അവരുടെ പരസ്യങ്ങളില്‍ പ്രശസ്തമായ നിരവധി മോഡലുകളെ ഈ ക്രീമിന്റെ ഉപയോഗത്തെ തുടര്‍ന്ന് മങ്ങിയ നിറത്തില്‍ നിന്നും വെളുത്ത നിറമാക്കി മാറ്റുന്നുവെന്ന് കാണിക്കുന്നുണ്ട്. മാത്രമല്ല പരസ്യത്തില്‍ എപ്പോഴും പറയുന്നുമുണ്ടായിരുന്നു വെളുത്ത നിറം വേണോ ഈ ക്രീം ഉപയോഗിക്കൂവെന്ന്. ലോകത്തെ നിറം വെളുപ്പിക്കുന്ന ക്രീമിനുള്ള വിപണിയുടെ 50-70 ശതമാനം ഫെയര്‍ ആന്‍ഡ് ലവ്ലിയുടെ കൈവശത്താണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ക്രീമില്‍ തൊലിനിറത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനവുമായി കമ്പനി രംഗത്തെത്തിയത്.