കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് എപ്പോള്‍ വേണമെങ്കിലും സമൂഹവ്യാപനം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറു ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം താരതമ്യേന കുറവാണെന്നും മന്ത്രി പറഞ്ഞു. സമൂഹ വ്യാപനം ഉണ്ടോയെന്ന് കണ്ടെത്താനുള്ള ആന്റിബോഡി പരിശോധന ഫലങ്ങള്‍ ക്രോഡീകരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെ കെ ശൈലജ വ്യക്തമാക്കി.

വഞ്ചിയൂര്‍ സ്വദേശിയുടെ ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഇക്കാര്യം കളക്ടറുമായി സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് കളക്റ്ററും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായ വ്യത്യസം ഇല്ല. രമേശിന്റെ കേസില്‍ എന്ത് കൊണ്ട് സ്രവം എടുക്കാന്‍ വൈകിയെന്ന ആരോഗ്യ വിദഗ്ധരുടെ റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.