അച്ചാറും ഉപ്പേരിയും പോലെ ട്രൂനാറ്റ് കിറ്റുകള്‍ കൊടുത്തു വിടാനാവില്ല ; വി.മുരളീധരന്‍

ഉപ്പേരിയും അച്ചാറും പോലെ കൊടുത്തുവിടാമെന്ന സാധനമല്ല ട്രൂനാറ്റ് കിറ്റെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റുകള്‍ വേണമെന്ന നിബന്ധന വിദേശകാര്യവകുപ്പിന് ഉറപ്പുവരുത്താനാവില്ല. ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും നിര്‍ദേശിച്ച ചട്ടങ്ങള്‍ പ്രകാരമാണ് വന്ദേഭാരത് മിഷന്‍ ഫ്‌ലൈറ്റുകള്‍ വരുന്നത്. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ വിദേശരാജ്യങ്ങളില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലേക്കു വരുന്ന മലയാളികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് നിബന്ധന വച്ചാല്‍ കേരളത്തിനു നടപ്പാക്കാനാവുമോ? ട്രൂനാറ്റ് കിറ്റുകള്‍ വിദേശങ്ങളിലേക്ക് പ്രവാസികള്‍ പോകുമ്പോള്‍ അച്ചാറും ഉപ്പേരിയും കൊടുത്തുവിടുന്നതു പോലെ കൊടുത്തുവിടാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിതര്‍ക്കു മാത്രമായി വിമാനം വേണമെന്നൊക്കെ ഉപദേശിക്കുന്നവരുടെ ഉപദേശം കേട്ടാണ് ഇതൊക്കെ പറയുന്നതെങ്കില്‍ മുഖ്യമന്ത്രിയോടു സഹതാപമുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.