ഇന്ത്യയില്‍ ട്രാം ഓടുന്ന ഏക നഗരമേത്? ഈ നഗരത്തിന്റെ പ്രത്യേകത എന്താണ്

ഡോ. സന്തോഷ് മാത്യു (അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ്, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി)

ഇന്ത്യയില്‍ ട്രാം ഓടുന്ന ഏക നഗരമേത്? അത് കൊല്‍ക്കത്ത തന്നെ. എന്നാല്‍ അത് മാത്രമല്ല വിശേഷണം.ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും നിരത്തിലുള്ള വൈദ്യുതി ഉപയോഗിച്ചോടുന്ന ട്രാം സര്‍വീസും ഈ നഗരത്തിനു മാത്രം സ്വന്തം.

1873 ഇല്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാം കൊല്‍ക്കൊട്ടയില്‍ വരുമ്പോള്‍ അത് കുതിരലിക്കുന്ന,പാളത്തിലോടുന്ന മണിക്കൂറില്‍ മൂന്ന് മൈല്‍ മാത്രം വേഗത മാത്രം ഉണ്ടായിരുന്ന ഒരു ഗതാഗത സംവിധാനം മാത്രമായിരുന്നു. റിപ്പണ്‍ പ്രഭുവിന്റെ കാലത്താണ് ട്രാം ഇവിടെയെത്തുന്നത്. പിന്നീട് മദ്രാസിലും, ബോംബെയിലും, ബറോഡയിലും, നാസിക്കിലും, കാണ്‍പുരിലും, ഭാവ്‌നഗറിലും എല്ലാം ട്രാം എത്തി.

1895ല്‍ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രാം ഓടിയത് മദ്രാസിലാണ്. 1930 മുതല്‍1970 വരെയുള്ള കാലഘട്ടത്തില്‍ ഇവിടെല്ലാം ട്രാം സര്‍വീസ് വിജയകരമായി നടന്നിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ അതെല്ലാം സേവനം നിര്‍ത്തുകയായിരുന്നു. നമ്മുടെ കേരളത്തിലും ട്രാം ഉണ്ടായിരുന്നു. പറമ്പിക്കുളം കാടുകളെ ചാലക്കുടിയുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം പഴയ കൊച്ചി നാട്ടുരാജ്യമാണ് കൊണ്ടുവന്നത്. 1907 മുതല്‍1963 വരെ കൊച്ചിന്‍ സ്റ്റേറ്റ് ഫോറസ്‌റ് ട്രാംവേ എന്ന കമ്പനിയാണ് എണ്‍പത് കിലോമീറ്റര് നീളമുള്ള ഈ ട്രാം സര്‍വീസ് നടത്തിയിരുന്നത്. പറമ്പിക്കുളം വാനന്തരങ്ങളിലെ ഈട്ടിയും, തേക്കും കടത്തികൊണ്ടു വരുന്നതിനാണ് ഇവിടേയ്ക്ക് ട്രാം കടന്നു വന്നത്.

കല്‍ക്കട്ട ട്രാംവേസ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ 1902ല്‍ ഇലക്ട്രിക്ക് ട്രാം എത്തിയതോടെ ഈ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുകയായിരുന്നു. ഇരട്ടനഗരങ്ങളായ കൊല്‍ക്കട്ടയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന തലത്തിലേക്ക് ട്രാം അതിന്റെ സേവനം പടിപടിയായി ഉയര്‍ത്തുകയും ചെയ്തു. ഹൗറ, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ, ഏറ്റവും വലിയ റെയില്‍ കെട്ടിട സമുച്ചയമാകുന്നതില്‍ ട്രാം അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഏറ്റവും പ്രതാപകാലത്തു കൊല്‍ക്കത്ത ട്രാമിന് 25 ദിശകളിലേക്ക് സേവനം ഉണ്ടായിരുന്നു. ഇന്നും കൊല്‍ക്കത്തയിലെ 15000 ത്തോളം ആള്‍ക്കാര്‍ ട്രാമിനെ ആശ്രയിക്കുന്നുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ, പരിസ്ഥിതി സൗഹാര്‍ദ്ദമായ ട്രാം ഇന്ന് ആറു ദിശകളിലേക്ക് മാത്രമാണ് സര്‍വീസ് നടത്തുന്നത്.

ഇന്ന് വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ട്രാം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. നഗരത്തിന്റെ അധ്യനവത്കരണത്തിനു ട്രാം ലൈനുകള്‍ തടസം നില്കുന്നുവെന്നും ഇത് വലിയൊരു പ്രദേശം അപഹരിക്കുന്നുമെന്നാണ് ആക്ഷേപം. വളരെ തിരക്കുള്ള കൊല്‍ക്കൊത്ത റോഡുകളില്‍ പലപ്പോഴും ഇത് കാരണം ചെറു ഗതാഗത തടസങ്ങള്‍ ഉണ്ടാകുമ്പോളും ആ നഗരത്തിന്റെ തിലക കുറിതന്നെയാണ് ട്രാം….