കേന്ദ്രം അയച്ചത് രണ്ട് കത്തുകള്‍ ; കേരളം നടത്തുന്നത് നിലവാരമില്ലാത്ത പി ആര്‍ പ്രചാരണം : കെ. സുരേന്ദ്രന്‍

കേരള സര്‍ക്കാരിന്റെ നടപടി നിലവാരമില്ലാത്ത പി ആര്‍ പ്രവര്‍ത്തനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പ്രവാസികളുടെ മടങ്ങിവരവിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഇത് നടപ്പില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ മാനദണ്ഡമാണെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ഫേസ് മാസ്‌ക്കും ഗ്ലൗസും ധരിക്കണം എന്ന രണ്ടാമത്തെ കത്താണ് കേന്ദ്രം അംഗീകരിച്ചത്. പ്രവാസികളെല്ലാം മാസ്‌ക്കും ഗ്ലൗസും ധരിച്ചാണ് വരുന്നതെന്നിരിക്കെ ഇതിനൊക്കെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് വങ്കത്തരവും അല്‍പ്പത്തരവുമാണ്.

മാന്യതയുണ്ടെങ്കില്‍ കേന്ദ്രം അയച്ച രണ്ട് കത്തും സംസ്ഥാനം പുറത്തുവിടട്ടെ. കോവിഡ് പോസിറ്റീവായവരെ ഒരു വിമാനത്തില്‍ കൊണ്ടുവരണമെന്ന പോലുള്ള ഭൂലോകമണ്ടത്തരം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്. ബാലിശമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന മുഖ്യമന്ത്രി തലയ്ക്കുള്ളില്‍ ആള്‍താമസമുള്ളവരെ ഉപദേശികളാക്കുന്നതാണ് നല്ലത്. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരാരും പിണറായി വിജയനെ പോലെ അര്‍ധരാത്രിയില്‍ കുടചൂടുന്നില്ല. ഇതിന്റെ ജാള്യത മറയ്ക്കാനാണ് സംസ്ഥാന മന്ത്രിമാരും സിപിഎം നേതാക്കളും വി.മുരളീധരനെതിരെ ആക്രോശിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് സംസ്ഥാനം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ക്ക് പിന്നാലെ രണ്ടാമത്തെ കത്ത് ബിജെപി പുറത്തുവിട്ടു. ഈ മാസം 24നും 25നും രണ്ടുകത്തുകളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്ക് അയച്ചത്. പ്രവാസികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. രോഗികളെയും സാധാരണക്കാരെയും ഒരുവിമാനത്തില്‍ കൊണ്ടുവരുന്നതിനെയും സംസ്ഥാനം എതിര്‍ത്തിരുന്നു.

എന്നാല്‍ ഓരോ സംസ്ഥാനത്തിനും ഓരോ നിലപാട് പ്രായോഗികമല്ലെന്ന് വ്യക്തമാക്കി ബുധനാഴ്ച കേന്ദ്രം കത്തയച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് പിപിഇ കിറ്റ് മതിയെന്ന് കേരളം മറുപടി നല്‍കി. കേരളം പ്രായോഗിക സമീപനം സ്വീകരിച്ചതില്‍ സന്തോഷം എന്ന് വ്യക്തമാക്കി ഇന്നലെ അയച്ച കത്താണ് അഭിനന്ദന കത്തെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പി.ആറുകാര്‍ പുറത്തവിട്ടതെന്നാണ് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.