കേരളത്തില്‍ ഖനന മാഫിയ നടത്തുന്നതെന്ന് കോടികളുടെ അഴിമതി എന്ന് ബിജെപി

തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്‌നോസിറ്റിക്ക് വേണ്ടി പൊന്നും വിലകൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ ചൈന ക്ലേ ഖനനം നടത്താന്‍ പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയതിനു എതിരെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഇവിടെ ഖനനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നു. മുംബൈ ആസ്ഥാനമായ ആഷാപുര എന്ന മൈനിങ്ങ് കമ്പനി നല്‍കിയ അപേക്ഷ അക്കാലത്ത് തന്നെ എതിര്‍പ്പുകള്‍ മൂലം യുഡിഎഫ് സര്‍ക്കാരിന് വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു എന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.

അതാണ് ഇപ്പോള്‍ താപ്പര്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ വേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്. സുപ്രീംകോടതിവിധി കാരണം മൈനിങ് നടത്താതെ ഇരിക്കുന്ന താപ്പര്‍ ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡ് കമ്പനിക്ക് ചൈന ക്ലെ ലഭ്യമാക്കാനാണ് കെംഡെല്‍ എന്ന സര്‍ക്കാര്‍ ഖനന സ്ഥാപനത്തെ ഉപയോഗിച്ച് കുണ്ടറ സിറാമിക്‌സിന്റെയും കണ്ണൂരിലെ KCCPL ന്റെയും പേര് പറഞ്ഞ് ഖനനം നടത്തുന്നത്. കോടികളുടെ അഴിമതിയാണ് കേരളത്തില്‍ ഖനന മാഫിയ നടത്തുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ ഉണ്ടാക്കാന്‍ വേണ്ടി ഏറ്റെടുത്ത സ്ഥലം പോലും കുഴിച്ചു മറിക്കാന്‍ ഖനന മാഫിയ ശ്രമിക്കുന്നു. ഈ ഖനന മാഫിയകള്‍ക്ക് വേണ്ടി PRO വര്‍ക്ക് നടത്തുന്നവരില്‍ ഡിവൈഎഫ്‌ഐ നേതാക്കളുമുണ്ട് സന്ദീപ് വാര്യര്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പ്രകൃതി വിഭവം കൊള്ള ചെയ്ത് സ്വകാര്യ കുത്തകകള്‍ക്ക് മറിച്ചു വില്‍ക്കാനാണ് തിരുവനന്തപുരത്തെ മന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത് .എന്നും സന്ദീപ് വാര്യര്‍ പറയുന്നു. 2013 ല്‍ തന്നെ ടെക്‌നോ സിറ്റിയുടെ ഭൂമിയില്‍ ഖനനം നടത്തുന്നത് ടെക്‌നോസിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഐടി ഡിപ്പാര്‍ട്ട്‌മെന്റും ടെക്‌നോപാര്‍ക്ക് സീനിയര്‍ മാനേജരും ഇതുസംബന്ധിച്ച് വ്യവസായ വകുപ്പ്
സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന മീറ്റിംഗില്‍ അറിയിച്ചതാണ്. അന്നത്തെ മീറ്റിംഗ് മിനുട്‌സ് പുറത്തുവിടുന്നു എന്ന് പറഞ്ഞു കൊണ്ട് സന്ദീപ് വാര്യര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആ മിനിട്‌സും പുറത്ത് വിട്ടിട്ടുണ്ട്.