ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികള്‍ക്ക് എതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

പ്രമുഖ സിനിമാ താരം ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ പിടിയിലായ പ്രതികള്‍ക്ക് എതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. കേസില്‍ പ്രതികള്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവ മോഡല്‍ അടക്കം 3 പേരാണ് ഇന്നലെ പരാതി നല്‍കിയത്. 5 പേര്‍ കൂടി പരാതിയുമായി പൊലീസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ 4 പേര്‍ ഇന്ന് നേരിട്ട് പൊലീസില്‍ പരാതി നല്‍കാനെത്തുമെന്നും ഐ ജി വിജയ സാഖറെ പറഞ്ഞു. പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. മോഡലിംഗിനാണെന്ന വ്യാജേന പാലക്കാട് വാളയാറില്‍ വെച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും പൂട്ടിയിടുകയും ചെയ്തു എന്നാണ് പരാതി. പരാതിക്കാരില്‍ ചിലരുടെ പണവും സ്വര്‍ണവും പ്രതികള്‍ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. ഒരു വര്‍ഷത്തിനിടെ നിരവധി സ്ഥലങ്ങളില്‍ സംഘം തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു.ഇപ്പോള്‍ ഹൈദരാബാദുള്ള ഷംന കാസിം നാളെ കൊച്ചിയിലെത്തി പൊലീസില്‍ നേരിട്ട് മൊഴി നല്‍കും. കേസില്‍ ഇനി രണ്ട് പേര്‍ കൂടിയാണ് പിടിയിലാകാനുള്ളത്. സിനിമാ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ കേസിലെ അഞ്ചാം പ്രതി അബ്ദുല്‍ സലാം കോടതിയില്‍ കീഴടങ്ങി. വിവാഹത്തില്‍ നിന്ന് പിന്‍മാറാനാണ് ഷംനയുടെ കുടുംബം പരാതി നല്‍കിയതെന്ന് പ്രതി ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം നടക്കട്ടെയെന്നും ഷംന പ്രതികരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അഞ്ചാം പ്രതി അബ്ദുല്‍ സലാം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഒന്നാം പ്രതി അന്‍വറിന്റെ കൂടെ വിവാഹാലോചനയുമായി ബന്ധപ്പെട്ടാണ് ഷംനയെ സമീപിച്ചതെന്നും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും പ്രതി പറഞ്ഞു.