5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സബ് രജിസ്ട്രാര്‍ക്ക് അഞ്ച് ലക്ഷം പിഴയും ഏഴ് വര്‍ഷം കഠിന തടവും

അയായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സബ് രജിസ്ട്രാര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ചു കോടതി. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ചേവായൂര്‍ സബ് രജിസ്ട്രാറായിരുന്ന പി.കെ.ബീനക്ക് കടുത്ത ശിക്ഷ വിധിച്ചത്. അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം 4 വര്‍ഷം കഠിന തടവും 5 ലക്ഷം പിഴയുമുണ്ട്. ഇത് കൂടാതെ 13-ാം വകുപ്പ് പ്രകാരം 7 വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴ യും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ചാക്കിയതിനാല്‍ 7 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ മതിയാകും വിധി കേട്ട് തളര്‍ന്നുവീണ ബീനയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ക്വാറന്റിന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

2014 ലാണ് സംഭവം. ചേവായൂര്‍ സ്വദേശി ഭാസ്‌ക്കരന്‍ നായരില്‍ നിന്ന് അന്ന് അവിടെ സബ് രജിസ്ട്രാര്‍ ആയിരുന്ന കൊയിലാണ്ടി എടക്കുളം സ്വദേശി പി.കെ ബീന അയ്യായിരം രൂപ കൈക്കൂലി വാങ്ങിയത്. നിരവധി തവണ പണം ആവശ്യപ്പെട്ടു എന്ന ഭാസ്‌കരന്‍ നായര്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡി.വൈ.എസ്.പി പ്രേംദാസാണ് പണവുമായി ഓഫിസില്‍ നിന്ന് ബീനയെ പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബീനക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.