തിരുവനന്തപുരത്ത് വിദേശ വനിതയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഫ്‌ലാറ്റില്‍ ആണ് വിദേശ വനിത മരിച്ച നിലയില്‍ കണ്ടെത്തിയത്. നെതര്‍ലന്‍ഡ് സ്വദേശിനിയായ സരോജിനെ ജെപ്കനെയാണ് മരിച്ചത്. 12 വര്‍ഷമായി ഇവര്‍ തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. രാവിലെ പത്ത് മണിക്കാണ് സംഭവം. തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള എസ്.എഫ്.എസ് ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. മരിച്ച യുവതിയുടെ അമ്മ നെതര്‍ലാന്‍ഡ് സ്വദേശിയും അച്ഛന്‍ യുപി സ്വദേശിയുമാണെന്നാണ് വിവരം.
ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചിരുന്നത്. ഈ സുഹൃത്തിന്റെ ഡ്രൈവര്‍ രാവിലെ ഇവരെ വിളിക്കാന്‍ വന്നപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്. പിന്നാലെ പൊലീസ് എത്തി. കോവിഡ് പരിശോധനാഫലം പൂര്‍ത്തിയായ ശേഷമെ ഇന്‍ക്വസ്റ്റിലേക്കും പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികളിലേക്കും കടക്കൂ. നാളെ കോവിഡ് പരിശോധനാഫലം ലഭിച്ചേക്കും. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷമെ വ്യക്തമാവൂ. സംഭവത്തില്‍ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.