വാഴയില്‍ തൂങ്ങി മരിച്ച സംഭവം ; ആത്മഹത്യ എന്ന് പോലീസ് ; ഏഴു മാസം കഴിഞ്ഞു അന്വേഷണത്തിന് ഉത്തരവ്
കൊല്ലം ഏരൂരില്‍ ദലിത് ബാലന്‍ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ സ്വമേധയ കേസെടുത്തു. ഒരാഴ്ച്ചയ്ക്കകം ശാസ്ത്രീയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ദലിത് ബാലന്റെ മരണം ആത്മത്യയാണെന്ന നിഗമനത്തില്‍ പൊലീസ് കേസ് അവസാനിപ്പിച്ച വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്ത്‌കൊണ്ടുവന്നത്.
കൊല്ലം ഏരൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് ദലിത് ബാലനെ വാഴയുടെ ഇലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ശാസ്ത്രീയമായി അന്വേഷിക്കാതെ തൂങ്ങി മരണമെന്ന് കാണിച്ച് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉണങ്ങിയ വാഴ ഇലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഇതെങ്ങനെ വന്നെന്ന് ഏരൂര്‍ പൊലീസ് പറഞ്ഞില്ല. പകരം തൂങ്ങിമരണം ആണെന്ന് കാണിച്ച് കേസ് അവസാനിപ്പിച്ചു.
വാഴയിലെ ഉണങ്ങിയ ഇലയിലാണ് കഴുത്ത് കുരുക്കിയിരിക്കുന്നത്. കുട്ടിയ്ക്കും വാഴയ്ക്കും ഈ സമയം ഒരേ പൊക്കമാണെന്നും ഇന്‍ക്വസ്റ്റിന്റെ എട്ടാം ചോദ്യത്തിന് ഉത്തരമായി ഏരൂര്‍ പൊലീസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കൃത്യമായ അന്വേഷണം നടന്നില്ല. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഏഴ് മാസത്തിനിപ്പുറം പട്ടികജാതി കമ്മീഷന്‍ കേസെടുക്കുകയായിരുന്നു.
എസ്.സി, എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരമാണ് കേസ്. മാത്രമല്ല സംഭവം ശാസ്ത്രീമായി അന്വേഷിച്ച് ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് സൗജന്യമായി നിയമ സഹായം നല്‍കാമെന്ന് ഹൈക്കോടതി അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്.