കര്‍ണാടകയില്‍ 3 രൂപ ലോണ്‍ അടക്കാന്‍ കര്‍ഷകന്‍ നടന്നത് 15 കിലോമീറ്റര്‍

കര്‍ണ്ണാടക ഷിമോഗയിലെ ബാറുവെ ഗ്രാമത്തിലാണ് സംഭവം. മൂന്നു രൂപ 46 പൈസ ലോണ്‍ അടയ്ക്കാന്‍ ആണ് ഒരു കര്‍ഷകന്‍ 15 കിലോമീറ്റര്‍ നടന്നത്. താന്‍ എടുത്ത ലോണില്‍ ബാക്കി വരുന്ന തുക തിരിച്ചടയ്ക്കണമെന്ന് ബാങ്ക് അറിയിച്ചതിനെ തുടര്‍ന്നാണ് അമാഡേ ലക്ഷ്മിനാരായണ തുക തിരിച്ചടയ്ക്കാനായി പുറപ്പെട്ടത്. ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷ്മി നാരായണ വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്തുള്ള നിട്ടൂര്‍ ടൗണിലേക്ക് നടക്കുകയായിരുന്നു. ബാങ്കില്‍ എത്തി തനിക്ക് 3 രൂപ 46 പൈസ തിരിച്ചടവുണ്ടെന്ന് ലക്ഷ്മി നാരായണ ബാങ്കിനെ അറിയിക്കുകയായിരുന്നു.

മൂന്നു രൂപ തിരിച്ചടയ്ക്കാന്‍ ബാങ്കുകാര്‍ കാണിച്ചത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അതില്‍ ദുഃഖം തോന്നുന്നെന്നും ലക്ഷ്മി നാരായണ പറഞ്ഞു. ബാങ്കില്‍ നിന്ന് അടിയന്തരമായി എത്തണമെന്ന് ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ ആയതുകൊണ്ട് ബസ് സര്‍വീസൊന്നുമില്ലല്ലോ. എന്റെ കയ്യിലും വാഹനമില്ല. ഒരു സൈക്കിള്‍ പോലുമില്ല. ആ സാഹചര്യത്തില്‍ 3 രൂപ 46 പൈസ അടയ്ക്കാന്‍ വേണ്ടി ഞാന്‍ ഇറങ്ങി നടന്നു. ബാങ്കിന്റെ മനുഷ്യത്വ രഹിതമായ നടപടിയില്‍ എനിക്ക് ദുഃഖമുണ്ട്,’ ലക്ഷ്മി നാരായണ പറഞ്ഞു.

കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ലക്ഷ്മി നാരായണ 35,000 രൂപ കാര്‍ഷിക ലോണ്‍ എടുത്തത്. അതില്‍ 32,000 രൂപ സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു. ബാക്കി വരുന്ന 3,000 രൂപ ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്കില്‍ ചെന്ന് അടയ്ക്കുകയും ചെയ്തു. അതേസമയം ബാങ്കില്‍ ഓഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നതിനാല്‍ കര്‍ഷകന്റെ ഒപ്പ് ആവശ്യമായിരുന്നെന്നാണ് ബാങ്ക് മാനേജര്‍ അറിയിച്ചത്.