ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍
പ്രമുഖ ചലച്ചിത്ര താരം ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫ് ആണ് അറസ്റ്റിലായത്. സംഘത്തിന്റെ അന്തര്‍ സംസ്ഥാന ബന്ധം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ തൃശൂരില്‍ നിന്ന് കണ്ടെടുത്തിരുന്നു. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
കേസില്‍ ഏഴ് പ്രതികളാണ് ഇതുവരെ പിടിയിലായത്. നടി ഷംന കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ സിനിമ, സീരിയല്‍, മോഡലിങ് രംഗത്തെ പെണ്‍കുട്ടികളെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. ഷംന കാസിമിന്റെ പരാതി കൂടാതെ ഏഴ് പരാതികളാണ് സംഘത്തിനെതിരെ ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെ മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ മോഡലും കടവന്ത്ര സ്വദേശിയായ നടിയും നല്‍കിയ പരാതിയില്‍ സംഘം സ്വര്‍ണവും പണവും തട്ടിയെടുത്തതായി പറയുന്നുണ്ട്.
അതേസമയം ഷരീഫ് തന്നെയാണോ തന്നോട് സംസാരിച്ചത് എന്ന് ഉറപ്പില്ലെന്ന് നടി ഷംന കാസിം പറയുന്നു. അന്‍വര്‍ എന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്. അഞ്ച് പേരാണ് വീട്ടില്‍ വന്നത്. അന്‍വര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് കല്യാണാലോചന നടന്നതെന്നും ഷംന പറഞ്ഞു. 2018ല്‍ ബാറില്‍ അടിപിടി നടത്തിയതടക്കം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഷെരീഫ്. വധശ്രമത്തിനാണ് അന്ന് പാലക്കാട് സൗത്ത് പോലീസ് കേസ് എടുത്തത്. ഇന്നലെ രാത്രിയാണ് നൂറിണിയില്‍ വെച്ച് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ താമസിച്ച വാളയാറിലെയും വടക്കഞ്ചേരിയിലെയും ഹോട്ടലുകളില്‍ അന്വേഷണം സംഘം പരിശോധന നടത്തിയിരുന്നു. ഹോട്ടലുകളിലെ രജിസ്റ്ററുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം മലയാളിത്തിലെ ഒരു നിര്‍മ്മാതാവ് ആണ് പ്രതികള്‍ക്ക് ഷംനയുടെ നമ്പര്‍ നല്‍കിയത് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.