വരാന്തയുടെ വടക്കേ അറ്റത്തെ ടെലിവിഷന്‍ സ്ക്രീന്‍
പ്രവീണ്‍ നെടുംകുന്നം
തലേന്ന് രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല.വെളുപ്പിന് ബസ്സ്റ്റോപ്പിലിറങ്ങി മകരം കുംഭത്തിന് പകുത്തുകൊടുത്ത കുളിരത്തുകൂടി നടന്ന് വീട്ടിലെത്തി. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്കുള്ള ഉറക്കത്തിനായി പായ കുടഞ്ഞ് വിരിച്ച് കിടന്നപ്പോള്‍ കല്‍ക്കട്ടയില്‍ രാവിലെ മഴ പെയ്യരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍.
പെട്ടെന്നുതന്നെ ഉറങ്ങിപ്പോയെങ്കിലും വെയിലുറയ്ക്കുന്നതിനു മുമ്പുതന്നെ ഉണര്‍ന്നെണീറ്റ് കുളിച്ചു. അമ്മച്ചി ചുട്ടുതന്ന ദോശയും ചായയും കഴിച്ച് ഷര്‍ട്ടുമെടുത്തിട്ട് ഉള്ളിലെ ധൃതി പുറമെ കാണിക്കാതെ മുറ്റത്തിന്റെ കല്‍പ്പടവുകളിറങ്ങി കൈത്തോട് കടന്ന് പഞ്ചായത്ത് വഴിയിലൂടെ വീട് പിന്നില്‍ മറയുന്നതു വരെ സാവധാനം തെക്കോട്ട് നടന്നു.
പിന്നീട് നടത്തത്തിന് വേഗത കൂട്ടി. അര മൈലോളം നടക്കണം. മണി ഒന്‍പത് കഴിഞ്ഞിരിക്കുന്നു. കല്‍ക്കട്ടയില്‍ മഴ പെയ്തിട്ടില്ലെങ്കില്‍ എട്ടരയ്ക്ക് തന്നെ തുടങ്ങിയിട്ടുണ്ടാവണം. തരപ്പടിക്കാര്‍ ആരെങ്കിലും അകത്തുണ്ടാവും എന്ന പ്രതീക്ഷയില്‍ സിമന്റ് പടികള്‍ കയറി ഞാന്‍ ആ വീടിന്റെ ചരല് വിരിച്ച വിശാലമായ മുറ്റത്തെത്തി. അകത്തെ ആരവത്തിന് ഒരു നിമിഷം കാത് കൊടുത്തു. ഭാഗ്യം കല്‍ക്കട്ടയില്‍ മഴയില്ല. ചാരിയിട്ടിരുന്ന അരവാതിലിന് മുകളിലൂടെ വരാന്തയിലേക്ക് തലയിട്ട് എത്തിനോക്കി. പിന്നെ തുറന്ന് അകത്ത് കയറി. ഒഴിഞ്ഞുകിടക്കുന്ന കുഷ്യനിട്ട കസേരകളുടെ ഇടയിലെ ചുവന്ന തറയില്‍ ഒരുവന് ഇരിപ്പുണ്ട്. എന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ വരാന്തയുടെ വടക്കേ അറ്റത്തെ ടെലിവിഷന്‍ സ്ക്രീനില്‍ നോക്കി ചമ്രം പടഞ്ഞിരിക്കുന്നവന്റെ ഓരത്ത് ഞാനും കൂടി. അവനോട് കുശലമൊന്നും പറയാതെ സ്ക്രീനിലെ സ്ഥിതി വിവരക്കണക്കുകളിലേക്ക് കണ്ണ് പായിച്ചു.
പ്രതീക്ഷിച്ചതുപോലെ തന്നെ ടോസ് നേടിയ കപില്‍ദേവ് അന്നത്തെ ആചാരമനുസരിച്ച് ഡേവിഡ് ബൂണിനെയും ജഫ് മാഷിനെയും ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. ആദ്യ ഓവറുകളില്‍ ‘തട്ടിയും മുട്ടിയും’ നിന്നശേഷം ക്രിക്കറ്റിലെ പ്രൊഫഷണലുകളായ അലന് ബോര്‍ഡറും കൂട്ടരും തനിനിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. വിക്കറ്റുകള്‍ കൊഴിയുകയും റണ്‍സ് കൂടുന്നതിനുമിടയില് കപില്‍ദേവ് മൊഹീന്ദര്‍ അമര്‍നാഥില്‍ നിന്നും പന്ത് മനീന്ദര്‍ സിങിനും രവി ശാസ്ത്രിക്കും കൈമാറി. ഈഡന് ഗാര്‍ഡനിലെ കാണികള്‍ക്കൊപ്പം ഞങ്ങള്‍ രണ്ടാളുടെയും മുഖത്ത് ഭാവങ്ങള്‍ മാറിമറിഞ്ഞു. കളി തുടരവെ മനീന്ദര്‍സിങിന്റെ മാന്ത്രിക സ്പിന്നിനെ ക്രീസില്‍ നിന്നും ചാടിയിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച അലന് ബോര്‍ഡറെ കിരണ്‍ മോറെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്റെ ആരവത്തിനിടയില്‍ വീടിനുള്ളില്‍ നിന്നും കോളിംഗ് ബെല്ലിന്റെ നീണ്ട് പരുപരുത്ത ശബ്ദം കേട്ടു. പുറത്താരോ വന്നിരിക്കുന്നു. അടുക്കളയിലോ മറ്റോ ആയിരുന്ന ആ വീട്ടിലെ മൂത്ത മരുമകള്‍ പ്രതീക്ഷിച്ചിരുന്ന അതിഥിയെ സ്വീകരിക്കുന്ന മട്ടില്‍ അരവാതില് തുറന്ന് വന്നയാളെ അകത്തേക്ക് ക്ഷണിച്ചു.
കൊച്ച് മോറെയുടെ വിക്കറ്റിനു പിന്നിലെ ഗംഭീര പ്രകടനത്തിന്റെ റീപ്ലേ മൂന്നുനാല് നിമിഷം മറച്ചുകൊണ്ട് ഞങ്ങള്‍ക്ക് മുന്നിലൂടെ നടന്ന് അയാള്‍ കസേരയില്‍ ഇരുന്നു. മുറിക്കയ്യന്‍ ചെക്ക് ഷര്‍ട്ടും മുണ്ടും ധരിച്ച് അരപ്പട്ടയിട്ട് മുറുക്കിയ വളകാലന്‍ കുടയും കുത്തിപ്പിടിച്ച് ‘അനവസരത്തില്‍’ ക്രീസിലേക്ക് കടന്നുവന്ന ആ പൊക്കം കുറഞ്ഞ മനുഷ്യന് കാഴ്ചയില്‍ ഹാഫ് സെഞ്ച്വറി പിന്നിട്ടിരുന്നു.
മുന്നില്‍ കളിയും കമന്ററിയും കാണികളുടെ ആരവവും പുരോഗമിക്കുമ്പോള്‍ തറഗാലറിയില് ഇരിക്കുന്ന ഞങ്ങളുടെ പിന്നില്‍ അതിഥിയുടെയും ആതിഥേയയുടെയും കുശലം പറച്ചിലും പുരോഗമിച്ചുകൊണ്ടിരുന്നു.
ഇതിനിടെ മുന്നിലെ ആരവത്തിന് എപ്പോഴോ ഒരു ശമനം വന്നപ്പോള്‍
‘അതിന് ബാലന് ഒരാഴ്ച മുമ്പുതന്നെ ഭോപ്പാലിന് തിരികെപ്പോയല്ലോ…’
എന്ന വീട്ടുകാരിയുടെ പ്രസ്താവനയില്‍ എന്റെ ചെവിയുടക്കി.കേട്ടത് ശരികേട് ആയതുകൊണ്ടാവാം എന്റെ ഇടപെടീലിന് ഒരു താമസവുമുണ്ടായില്ല.
‘ഏയ് അല്ല.. ബാലന്ചേട്ടന് ഇന്ന് വെളുപ്പിനെയാണല്ലോ പോയത്.. ഞാന്‍ കണ്ടാര്ന്നല്ലോ…’
ആ വീട്ടിലെ ആണ്മക്കളില് ഒരാളായ ബാലന്‍ചേട്ടനെ നന്നായി അറിയാവുന്ന എന്റെ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത പറച്ചില് പിന്നിലെ വര്ത്തമാനച്ചരടില് മുറിപ്പാട് വീഴ്ത്തിയതും മുമ്പിലെ സ്ക്രീനില്‍ ‘രുകാവട് കേലിയേ ഖേദ് ഹേ’ (തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു) എന്ന് ദേവനാഗരി ലിപിയില്‍ എഴുതി വന്നതും ഏതാണ്ട് ഒരേ കാലത്തായിരുന്നു.
മുന്നിലും പിന്നിലും പരിപൂര്‍ണ്ണ നിശ്ശബ്ദത. ഞാന്‍ മെല്ലെ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഞാനെറിഞ്ഞ മീഡിയം പേസ് ഡയലോഗില്‍ LBWല്‍ കുരുങ്ങി നില്‍ക്കുകയാണ് ആ വീട്ടുകാരി. അമ്പയറെ പോലെ നിന്ന അതിഥിയുടെ മുഖത്തേക്ക് ഞാന്‍ സ്ലോമോഷനില്‍ മുഖം തിരിച്ചു. ഒരു വിളറിയ പുഞ്ചിരി എനിക്ക് നേരെ നീട്ടിക്കൊണ്ട് പ്രതിരോധത്തിലായ വീട്ടുകാരിയോട് പിന്നെയും എന്തൊക്കെയോ മെല്ലെ പറഞ്ഞവസാനിപ്പിച്ച് അയാള്‍ ഇറങ്ങാന്‍ തിടുക്കം കൂട്ടി.
അയാള്‍ യാത്രപറഞ്ഞിറങ്ങിയതിനു പിന്നാലെ തടസ്സം മാറി കളി തുടങ്ങിയെങ്കിലും ആകെ ഒരു വശപ്പിശകിന്റെ അന്തരീഷം ആ വരാന്തയില്‍ മൂടിക്കെട്ടി നിന്നു. രാവിലെ കല്‍ക്കട്ടയില്‍ മഴ പെയ്താല്‍ മതിയായിരുന്നുവെന്ന് ഒരു നിമിഷം വെറുതെ ചിന്തിച്ചു പോയി.
ഈഡന് ഗാര്‍ഡനിലെ പവിലിയനില്‍ ഇരിക്കുന്നവരോ തൊട്ടടുത്ത് തറയില്‍ ഇരിക്കുന്നവനോ തണുത്ത സിമന്റ് തറയില്‍ ഇരുന്ന് മെല്ലെ വിയര്‍ക്കാന്‍ തുടങ്ങിയ എന്റെ അവസ്ഥ അറിയുന്നില്ല.എങ്ങനെയെങ്കിലും അവിടെ നിന്നും Out ആകണം എന്ന തോന്നല്‍ എന്നെ വരിഞ്ഞുമുറുക്കി. വീട്ടുകാരി അകത്തളത്തിലേക്ക് പിന്‍വലിഞ്ഞ തക്കം നോക്കി അല്പസമയത്തിനുള്ളില് സിമന്റ് തറയില്‍ വിയര്‍പ്പ് കൊണ്ട് കണങ്കാല്പ്പാടുകള് അവശേഷിപ്പിച്ച് ഞാന്‍ സാവധാനം വരാന്ത വിട്ടിറങ്ങി. മുറ്റത്തു നിന്ന് കിഴുക്കാമ്പാട് നോക്കി പടവുകളിറങ്ങി പഞ്ചായത്ത് വഴിയിലേക്ക് നടക്കുമ്പോള്‍ അത്ര പതിഞ്ഞതല്ലാത്ത ഒരു അടക്കം പറച്ചില് കേട്ട ഭാഗത്തേക്ക് ഞാന്‍ ഒരു നിമിഷം തല തിരിച്ചു.
‘ന്റെ ചേച്ചീ…ആ കൊച്ച് അതിനെടേ കേറി പറയുവാ ബാലഞ്ചേട്ടന് ഇന്ന് രാവിലെയാണല്ലോ പോയെന്ന്…!’
അടുക്കള വശത്തുകൂടി എനിക്കും മുമ്പ് മുറ്റത്തിന് വടക്കുപുറത്തെത്തിയ വീട്ടുകാരിയുടെ പതം പറച്ചില് കേട്ട് വേലിക്കപ്പുറത്ത് നിന്ന അയലത്തുകാരി മൂക്കില്‍ വിരല്‍ ചേര്‍ത്ത് പ്രതിമ കണക്കെ നില്‍ക്കുകയാണ്.
മഴ മേഘങ്ങളില്ലാത്ത കല്‍ക്കട്ടയുടെ ആകാശത്തെ മനസ്സാ ശപിച്ചുകൊണ്ട് പഞ്ചായത്ത് വഴിയിലൂടെ ഞാന്‍ വേഗത്തില്‍ വീട്ടിലേക്ക് നടന്നു. നടപ്പിന്റെ വേഗത കൂടിയപ്പോള്‍ ഒരു ചെണ്ടമേളം അകമ്പടി വരുന്ന പോലെയും മേളത്തിനൊത്ത് കുംഭവെയിലില്‍ വലുതും ചെറുതുമായ കാവടിച്ചെണ്ടുകള് ഇളകിയാടുന്നതുപോലെയും തോന്നി.
ഇന്നലെ പകല്‍ കറുകച്ചാലിന്റെ തെളിഞ്ഞ ആകാശത്തിനു കീഴില്‍ ഉച്ചി കരിയുന്ന വെയിലത്തു നിന്ന് കാവടിയാട്ടം കണ്ടിട്ടാണ് വെട്ടിക്കാവുങ്കലെ അമ്പലപ്പറമ്പില്‍ ഉറക്കമിളച്ച് ബാലെ കാണാനിരുന്നത്. വെളുപ്പിന് മഞ്ഞ് കനത്തപ്പോള്‍ ബാലെ മുഴുവന്‍ കാണാതെ കറുകച്ചാല്‍ കവലയിലേക്ക് തിരികെ നടന്നു. വെളുപ്പിന് ചങ്ങനാശ്ശേരിയില്‍ നിന്നും മുണ്ടിയെരുമയ്ക്ക് പോകുന്ന ‘Kohinoor’ ബസ് 4 മണിക്ക് കറുകച്ചാല്‍ കടന്നു പോയിട്ടുണ്ടാവും. പിന്നാലെ കൊച്ചറയ്ക്ക് പോകുന്ന ‘Grace’
പിടിച്ചാല്‍ അഞ്ചരയ്ക്ക് മുമ്പ് വീട്ടിലെത്താം. അന്ന് കറുകച്ചാലില്‍ ബസ് സ്റ്റാന്‍ഡ് ആയിട്ടില്ല. ഹൈറേഞ്ചിലേക്കും കോട്ടയത്തിനും പോകുന്ന ബസുകള്‍ കുറുപ്പ് ചേട്ടന്റെ ബേക്കറിക്ക് മുന്നില്‍ നിര്‍ത്തിയാണ് ആളിറക്കുന്നതും കയറ്റുന്നതും.ബേക്കറിയോട് ചേര്‍ന്നുള്ള ഇരുമ്പുകടയും അതിനു കിഴക്കുഭാഗത്ത് ഒരു സ്റ്റേഷനറി കടയും ചട്ടന്‍ വൈദ്യന്റെ വൈദ്യശാലയുമുള്ള ആ പഴയ കെട്ടിടത്തിന്റെ നീളന്‍ വരാന്ത ഇരുട്ടിലാണ്. തടികൊണ്ട് മച്ച് തീര്‍ത്ത കെട്ടിടത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബോര്‍ഡില്‍ തൂക്കിയിരിക്കുന്ന ബള്‍ബിന്റെ മങ്ങിയ പ്രകാശവും റോഡിന് മറുവശത്തെ വിളക്കുകാലില്‍ നിന്നും മഞ്ഞിലരിച്ചിറങ്ങുന്ന വെളിച്ചവും വരാന്തയിലെ ഇരുട്ടിന്റെ കനം ഒട്ടും തന്നെ കുറച്ചില്ല.ഞാന്‍ റോഡില്‍ നിന്നും പടികള്‍ കയറി പീടിക വരാന്തയിലെത്തി. ഇളംതിണ്ണയില്‍ അവിടവിടെ തൂണുകള്‍ ചാരിയും അല്ലാതെയും ചില രൂപങ്ങള്‍ ബസിന്റെ വരവും കാത്ത് ഇരിക്കുന്നുണ്ട്. ആരുടെയും അടുത്തല്ലാതെയും എന്നാല്‍ അകലത്തല്ലാതെയും ഇളംതിണ്ണയിലെ പൊടി ഊതിപ്പറത്തി ഞാനും അവരില്‍ ഒരാളായി. കണ്ണിലെ ഇരുട്ടിന്റെ കനം കുറഞ്ഞു വന്നപ്പോള്‍ ചുറ്റുപാടും ഇരിക്കുന്നവരുടെ മേല്‍ ഒരു നോട്ടപ്രദക്ഷിണം നടത്തി.ആ സമയത്ത് കിഴക്കുനിന്ന് ഏതോ ഒരു ചെറുവാഹനം കടന്നു പോയി.വിജനമായ വഴിയിലൂടെ വേഗത്തില്‍ കടന്നു പോയ ആ വാഹനത്തിലെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍, ഫുള്‍കയ്യന്‍ ഷര്‍ട്ട് ഇന്‍ ചെയ്തും പാന്റ്സും ഷൂസും ധരിച്ച് അരികിലൊരു വലിയ സ്യൂട്ട് കേസുമായി ഇളം തിണ്ണയില്‍ ഇരിക്കുന്ന ആളെ
ഞാന്‍ കണ്ടു. വാഹനം കടന്നു പോയി വരാന്തയില്‍ വീണ്ടും ഇരുട്ട് പരന്ന മാത്രയില്‍ ‘ബാലന് ചേട്ടനാണല്ലോ… ‘ എന്ന് അദ്ദേഹത്തിനു നേരെ മുഖം തിരിച്ചുകൊണ്ട് ഭാഗികമായി മാത്രം പുറത്തു വന്ന എന്റെ ആത്മഗതം അദ്ദേഹം കേട്ടിട്ടുണ്ടാവും.അതുകൊണ്ടാണല്ലോ
‘ആഹാ.. ന്താ ഇപ്പോ ഇവിടെ… ‘ എന്ന് ചോദിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങിയത്.
‘വെട്ടിക്കാവുങ്കല്‍ ശിവരാത്രി കൂടാന്‍ പോയതാ….തിരിച്ചു വീട്ടിപ്പോകുവാ.. ചേട്ടന് എങ്ങോട്ടാ…?’
‘ഞാന്‍ ഭോപ്പാലിന് തിരിച്ചു പോകുവാ…’
വര്‍ത്തമാനം തുടര്‍ന്നു പോകവേ ആദ്യത്തെ കോട്ടയം വണ്ടി വന്ന് അരികു ചേര്‍ത്ത് നിര്‍ത്തി. ബാലന് ചേട്ടനെ യാത്രയാക്കി ഞാന്‍ വീണ്ടും ഹൈറേഞ്ച് വണ്ടിക്കായി കാത്തിരുന്നു…
ശേഷം സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു…
പിന്നീട് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലും ശ്രീലങ്ക ഇന്ത്യയിലും പര്യടനങ്ങള്‍ നടത്തിയെങ്കിലും ഞാന്‍ മറ്റെവിടെയൊക്കെയോ പോയാണ് കളി കണ്ടത്. ഈ സംഭവം ആ വീട്ടില്‍ എന്തെങ്കിലും ഭൂകമ്പം ഉണ്ടാക്കിയോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും ആ വീട്ടിലെ ഒരു പൊതു തീരുമാനം നടപ്പിലാക്കാന്‍ തയ്യാറാക്കിയ തിരക്കഥയിലെ ഒരു സംഭാഷണത്തിലാണ് ഞാന്‍ കയറിപ്പിടിച്ചത്. ആ രംഗത്ത് അഭിനയിക്കാന്‍ കഴിവുള്ള കഥാപാത്രത്തെ അരങ്ങില്‍ ഇറക്കിവിട്ട് വീട്ടിലെ മറ്റുള്ളവര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നിരിക്കണം. എന്തായാലും മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ഇക്കഥയ്ക്ക് ഇന്ന് ഒരു പ്രസക്തിയും കാണില്ല.
പക്ഷേ, ഇന്ന് കുംഭമാസത്തിന് കൈമാറാന്‍ മകരത്തിന്റെ പക്കല്‍ കുളിരൊന്നും മിച്ചമൊന്നുമുണ്ടാവില്ല. ശിവരാത്രി ഉത്സവപ്പറമ്പുകളുടെ സ്ഥിതി അറിയില്ല. വാതുവയ്പ്പും കോഴവിവാദങ്ങളും വന്നകാലത്തു തന്നെ ക്രിക്കറ്റ് കമ്പം ഇല്ലാതായി. എന്നാലും ഓര്‍മ്മയുടെ വള്ളിപ്പടര്‍പ്പുകളില്‍ ആരാലും കാണാതെ കിടക്കുന്ന ചില കാട്ടുപൂക്കള്‍ക്ക് എന്ത് സുഗന്ധമാണെന്നോ…!