കര്‍ഷക പോരാട്ടം ഏറ്റെടുത്ത് ജനാധിപത്യ കേരള യൂത്ത്ഫ്രണ്ട്
തൊടുപുഴ: മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗ ആക്രമണത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പ്രതിഷേധം. കൃഷി നാശത്തില്‍ തുടങ്ങി ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയിലാണ് കര്‍ഷകര്‍. തൊടുപുഴ വെങ്ങല്ലൂര്‍ ബൈപ്പാസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. 15 മിനിറ്റോളം നഗരം സ്തംഭിച്ചു.
തുടര്‍ന്ന് തൊടുപുഴ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി സംസ്ഥാന പ്രസിഡന്റ് ഗീവര്‍ പുതുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് മിഥുന്‍ സാഗര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ജില്ലയിലെ കോതമംഗലത്തും ഇടുക്കിയിലെ മൂന്നാറിലും മറയൂരിലും വന്യമൃഗങ്ങളുടെ ആക്രമണം മൂലം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പരാതി പ്രളയമുണ്ടായിട്ടും പ്രശ്‌നപരിഹാരം സാധ്യമാകാത്ത സാഹചര്യത്തിലാണ് ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പ്രക്ഷോഭ രംഗത്തിറങ്ങിയതെന്ന് സംസ്ഥാന പ്രസിഡന്റ് ഗീവര്‍ പുതുപ്പറമ്പില്‍ വ്യക്തമാക്കി.
തൊടുപുഴ വെങ്ങല്ലൂര്‍ ബൈപ്പാസില്‍ നടന്ന ഉപരോധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌ന പരിഹാരത്തിനായി അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഗീവര്‍ പുതുപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മിഥുന്‍ സാഗര്‍ അദ്ധ്യക്ഷത വഹിച്ചു. സോനു ജോസഫ്, ജോണ്‍ ലൂയിസ്, ആന്റോ ആന്റണി, ചിപ്പ് ജോര്‍ജ്, ഡോ. റോബിന്‍ മാത്യു, ബെന്നി മുള്ളനിക്കാട് എന്നിവര്‍ പ്രസംഗിച്ചു.