പൊലീസുകാരെ പുകഴ്ത്തി ഇനി സിനിമ ചെയ്യില്ല എന്ന് തമിഴ് സംവിധായകന്‍ ഹരി

പോലീസുകാരെ നായകന്മാരാക്കി പ്രകീര്‍ത്തിച്ച് ചിത്രങ്ങള്‍ ചെയ്തതില്‍ കുറ്റബോധം തോന്നുന്നുവെന്ന് പ്രമുഖ തമിഴ് സംവിധായകന്‍ ഹരി. തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്‌സ് എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹരിയുടെ പ്രതികരണം. തമിഴിലെ ഏറ്റവും മികച്ച പൊലീസ് ചിത്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിങ്കം സീരീസ്, സാമി, സാമി 2, എന്നീ ചിത്രങ്ങളൊരുക്കിയത് ഹരിയാണ്. എന്നാല്‍ പൊലീസുകാര്‍ക്ക് ഹീറോ പരിവേഷം നല്‍കി ഇത്തരം ചിത്രങ്ങള്‍ ഒരുക്കിയതില്‍ ഇപ്പോള്‍ വേദന തോന്നുന്നുവെന്നാണ് ഹരി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘പൊലീസുകാരില്‍ ചിലര്‍ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്.. പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങള്‍ ചെയ്തതില്‍ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്. പ്രസ്താവനയില്‍ ഹരി പറയുന്നു. ”സതങ്കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്നാട്ടില്‍ ആര്‍ക്കും ഇനി സംഭവിക്കരുത്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏക മാര്‍ഗം’ ഹരി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

തമിഴ്നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണില്‍ ലോക്ക്ഡൗണ്‍ ഇളവ് സമയം കഴിഞ്ഞിട്ടും കടകള്‍ തുറന്നു എന്ന കാരണത്താലാണ്പി ജയരാജ്(59) മകന്‍ ബെനിക്‌സ്(31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രൂരമായ പീഡനത്തിന് ശേഷം ആശുപത്രിയിലെത്തിക്കപ്പെട്ട ഇവര്‍ മരണത്തിന് കീഴടങ്ങി. പൊലീസിന്റെ ക്രൂരതയ്‌ക്കെതിരെ പ്രമുഖരെല്ലാം തന്നെ രംഗത്തെത്തിയിട്ടുണ്ട്. അച്ഛനും മകനും നീതി വേണം.. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നാണിവരുടെ ആവശ്യം.

അതിനിടെ തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തു. ഓട്ടോ ഡ്രൈവറായ എന്‍ കുമരേശനാണ് പൊലീസിന്റെ മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ വെച്ച് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. 15 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് കുമരേശന്‍ മരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമി തര്‍ക്ക കേസില്‍ അറസ്റ്റിലായിരുന്നു മരിച്ച കുമരേശന്‍. അന്വേഷണം ആരംഭിച്ച അടുത്ത ദിവസം കുമരേശന്‍ വീട്ടിലെത്തിയിരുന്നെങ്കിലും ആരോടും ഒന്നും മിണ്ടിയിരുന്നില്ല. പിന്നീട് ചോര ഛര്‍ദ്ദിച്ച കുമരേശനെ സുരന്തായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ തിരുന്നല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുമരേശന്റെ കിഡ്നിയ്ക്കും പ്ലീഹ(സ്പ്ലീന്‍)യ്ക്കും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭൂമി തര്‍ക്കേസില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുമരേശന്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് മര്‍ദ്ദിച്ചത് പുറത്ത് പറയാതിരിക്കാനായി തന്നെ ഭീഷണിപ്പെടുത്തിയതായും കുമരേശന്‍ പറഞ്ഞിരുന്നു. അച്ഛനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചു.