സുരേഷ് ഗോപി: ഒരു തലമുറയുടെ ആരാധനാ രീതികളെ മാറ്റി മറിച്ചൊരു പ്രകടനം

സംഗീത് ശേഖര്‍

തീര്‍ച്ചയായും ഓര്‍മയുണ്ട് ഈ മുഖം… ഇദ്ദേഹമാണ് എന്റെ ആദ്യത്തെ ആരാധനാപാത്രം. കമ്മീഷണറിലൂടെ സൂപ്പര്‍ താര പദവിയിലേക്കും പലരുടെയും മനസ്സിലേക്കും കടന്നുകയറിയ നടന്‍. ഏകലവ്യനും കമ്മീഷണറും കണ്ടു രോമാഞ്ചമടിച്ചു ഫാനായതാണ്. രഞ്ജിയുടെ തീപാറുന്ന ഡയലോഗുകള്‍ എഴുതി വച്ചതിനപ്പുറത്തേക്ക് തീക്ഷ്ണതയോടെ കണ്‍വെ ചെയ്ത നടന്‍. നിലവിലുള്ള താരങ്ങളെ കണ്ടു മടുത്ത കൊണ്ടല്ലെങ്കിലും അവരില്‍ നിന്നും വ്യത്യസ്തമായൊരു ശൈലിയെയും വ്യത്യസ്തനായൊരു താരത്തെയും പ്രതീക്ഷിച്ചിരുന്ന ഒരു തലമുറയിലെ പലര്‍ക്കും കൃത്യ സമയത്ത് തന്നെ ലഭിച്ചതാണീ ആംഗ്രി യംഗ് മാനെ. സ്റ്റാര്‍ ഡസ്റ്റ് അല്ലെങ്കില്‍ ഫിലിം ഫെയര്‍ ആണെന്ന് തോന്നുന്നു അക്കാലത്ത് സുരേഷ് ഗോപിയുടെ മുഖചിത്രവും sureshot gopi എന്ന അടിക്കുറിപ്പുമായി ഒരു ലക്കം ഇറങ്ങിയിരുന്നു. വിത്ത് ആന്‍ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ. പേഴ്‌സണല്‍ ഫേവറിറ്റ് ഇന്നും കമ്മീഷണര്‍ തന്നെയാണ്. ഒരു തലമുറയുടെ ആരാധനാ രീതികളെ മാറ്റി മറിച്ചൊരു പ്രകടനം. ഭരത് ചന്ദ്രനും അയാളുടെ രോഷവും ഒരുപാട് ആരാധകരെ ജനിപ്പിച്ചിരുന്നു. ഏകലവ്യന്‍, കമ്മീഷണര്‍, ലേലം, പത്രം, സമ്മര്‍ ഇന്‍ ബെത്‌ലെഹേം എന്നിങ്ങനെ 6 കൊല്ലത്തിനിടെ 5 മെഗാഹിറ്റുകള്‍ നല്‍കിയ നടന്‍.

പെട്ടെന്നൊരു ദിവസം സൂപ്പര്‍താര പദവിയിലേക്ക് എടുത്തെറിയപ്പെട്ടയാളല്ല സുരേഷ് ഗോപി. മുഖം കാട്ടി പോകലിനും സഹനടനായും വില്ലനായും രണ്ടു നായകരില്‍ ഒരാളായും 16 കൊല്ലത്തെ സ്ട്രഗിളിനു ശേഷമാണു തലസ്ഥാനം വരുന്നത്. തലസ്ഥാനം ഒരു സൂചനയായിരുന്നു. ഡയലോഗ് ഡെലിവറിയിലെ പാടവം തെളിയിച്ചിട്ടും ഏകലവ്യനില്‍ നായകനായി മമ്മൂട്ടിയായിരുന്നു ഫസ്റ്റ് പ്രിഫറന്‍സ്. സെക്കന്‍ഡ് ഹീറോയുടെ റോളില്‍ നിന്നും നായകനിലേക്ക് സുരേഷ് ഗോപിയെ എത്തിക്കുന്നത് പിന്‍വാങ്ങാനുള്ള മമ്മുട്ടിയുടെ തീരുമാനമാണ്. ഏകലവ്യന്‍ നഷ്ടപ്പെട്ടിരുന്നെങ്കില്‍ സുരേഷിന്റെ താരപദവിയിലേക്കുള്ള വളര്‍ച്ച എങ്ങനെയാകുമായിരുന്നു എന്നിപ്പോള്‍ പറയാന്‍ പറ്റില്ലെങ്കിലും ഏകലവ്യനും പുറകെ അടുത്ത വര്‍ഷമെത്തിയ കമ്മീഷണറും മെഗാഹിറ്റുകള്‍ ആയതോടെ മലയാളസിനിമയിലെ മൂന്നാമന്‍ ജനിച്ചിരുന്നു. ദ സിറ്റിയും ഹൈവെയും രജപുത്രനും മാഫിയയും മാറ്റി നിര്‍ത്തിയാല്‍ ശരാശരി ചിത്രങ്ങളുടെയും ഫ്‌ലോപ്പുകളുടെയും ഒരു ഘോഷയാത്രയായിരുന്നു പിന്നീട്. കരിയര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് ലേലത്തോടെയാണ്. ജോഷി-രഞ്ജി പണിക്കര്‍ ടീമിന്റെ ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചിയും പത്രത്തിലെ നന്ദഗോപാലും സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറി പുതിയൊരു ലെവലിലേക്ക് എടുത്തുയര്‍ത്തി. ഒപ്പം ജയരാജിന്റെ കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയന്‍ കൊണ്ടുവന്ന മികച്ച നടനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നടനെന്ന നിലയിലുള്ള പക്വത കൂടെ കൈവരിച്ചതിന്റെ അടയാളമായിരുന്നു.ആക്ഷന്‍ താരമെന്ന ലേബല്‍ തല്‍ക്കാലത്തേക്ക് മാറ്റിവച്ച് കുടുംബ സദസ്സുകളുടെ നയകനാകാനുള്ള ശ്രമം പാളിയെങ്കിലും സുരേഷ് ഗോപിക്ക് തിരിച്ചടിയാകുന്നത് ബ്ലോക്ക് ബസ്റ്ററുകളുടെ ഇടയില്‍ അദ്ദേഹം ചെയ്തു കൂട്ടിയ നിലവാരമില്ലാത്ത ആക്ഷന്‍ ചിത്രങ്ങളാണ്.സത്യമേവ ജയതേക്ക് ശേഷം തുടരന്‍ ഫ്‌ലോപ്പുകള്‍, ഭരത് ചന്ദ്രന്‍ ഐ.പി.എസ് നല്‍കിയ തിരിച്ചുവരവ്, വീണ്ടും പഴയ പാറ്റേണ്‍ തന്നെയാണ്. തെങ്കാശിപ്പട്ടണം മെഗാഹിറ്റ് ആകുന്നുണ്ടെങ്കിലും ഷോ സ്റ്റീലര്‍ ദിലീപാണെന്നു മനസ്സിലാക്കാതെ കോമഡി ചെയ്യാനുള്ള ശ്രമങ്ങളും ദുരന്തമായിരുന്നു. 2015 ലാണ് ഈ ഫ്‌ലോപ്പുകളുടെ ഘോഷയാത്ര അവസാനിക്കുന്നത്.

തമിഴില്‍ അര്‍ജുനും ശരത് കുമാറും, ഹിന്ദിയില്‍ അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും എന്നിങ്ങനെ ഫിസിക്കിനൊപ്പം മാര്‍ഷല്‍ ആര്‍ട്‌സും വശമുള്ള ആക്ഷന്‍ ഹീറോകള്‍ 90 കളില്‍ പല ഭാഷകളിലും നിലയുറപ്പിക്കുന്നുണ്ട്. ഒരു പ്രോപ്പര്‍ കഥയോ തിരക്കഥയോ ഇല്ലാതെ തന്നെ നായകന്റെ മികച്ച ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും എന്നതായിരുന്നു ഇവരുടെ ചിത്രങ്ങളുടെ പ്രത്യേകത. മലയാളത്തില്‍ ജയന് ശേഷമൊരു പ്രോപ്പര്‍ ആക്ഷന്‍ ഹീറോ ഉദയം ചെയ്തിട്ടുമുണ്ടായിരുന്നില്ല. പലരുമിപ്പോള്‍ മഹാനടനെന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും ജയനും സത്യത്തില്‍ ഫിസിക്കിന്റെ ബലത്തില്‍ മാത്രം നിറഞ്ഞു നിന്നൊരു നടനായിരുന്നു. ഡ്യുപ്പില്ലാതെ ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ അക്കാലത്തു മലയാളത്തില്‍ അത്യപൂര്‍വമായ കാലഘട്ടമായിരുന്നത് കൊണ്ട് പെട്ടെന്ന് താരമാകുകയും ചെയ്തു. സുരേഷ് ഗോപി ചടുലമായ ആക്ഷന്‍ രംഗങ്ങളെക്കാളുപരി അദ്ദേഹത്തിന്റെ സ്ഫുടമായ, തീക്ഷ്ണമായ, ലൗഡ് ആയ ഡയലോഗ് ഡെലിവറി കൊണ്ടാണ് ശ്രദ്ധേയനായത്. മലയാളത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന സൂപ്പര്‍ താരങ്ങളായിരുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരില്‍ നിന്ന് വ്യത്യസ്തമായൊരു ശൈലി കണ്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇമ്പ്രസ്ഡ്ഡ് ആയിരുന്നു. ഷാജി കൈലാസിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ചിത്രങ്ങള്‍ ക്ര്യത്യമായ സമയത്തൊരു ബ്രെക്ക് ആയെത്തുകയും ചെയ്തതോടെ സുരേഷ് ഗോപി മൂന്നാമത്തെ സൂപ്പര്‍താരമാകാന്‍ വൈകിയില്ല. ലാലിനെയും മമ്മൂട്ടിയെയും പോലൊരു വെര്‍സട്ടൈല്‍ ആക്ടര്‍ ആയിരുന്നില്ലെങ്കില്‍ കൂടി തന്റെ പക്കലുണ്ടായിരുന്ന ഒരേയൊരു ഡൈമന്‍ഷനില്‍ സുരേഷ് ഗോപി അസാധാരണമായ മികവ് തന്നെ കാട്ടിയിരുന്നു.

സ്വയമെടുക്കുന്ന ഒരു ബ്രെക്ക്, രാഷ്ട്രീയ പ്രവേശനം, വഴിമാറിപ്പോയ മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ തിരിച്ചെത്തുന്നത് 2020ലാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേത് മികച്ചൊരു പ്രകടനം തന്നെയായിരുന്നു എങ്കില്‍ കൂടെ കാത്തിരുന്നത് ആക്ഷന്‍ ഹീറോയുടെ തിരിച്ചുവരവിനാണ്. 61 ആം വയസ്സില്‍ സുരേഷ് ഗോപി ഒരിക്കല്‍ കൂടെ പഴയ മൈതാനത്തിലേക്ക് തിരിച്ചു വരികയാണ്. മൂടിക്കിടക്കുന്ന ചാരത്തില്‍ അവശേഷിക്കുന്ന കനലുകള്‍ തിരഞ്ഞെടുക്കാന്‍ രഞ്ജി പണിക്കരുടെ മകന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാതെ തരമില്ല. കാരണം തിരിച്ചുവരവുകള്‍ സുരേഷ് ഗോപിയെന്ന നടന് പുതിയൊരു കാര്യമേയല്ല.