തൂത്തുക്കുടി കസ്റ്റഡി മരണം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തുത്തൂക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു. സാത്താന്‍കുടി പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഇരുവര്‍ക്കും ക്രൂരമര്‍ദനമേറ്റതെന്നും ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ ഇരുവരുടെയും ദേഹത്ത് പരുക്കുകളുണ്ടായിരുന്നു എന്നതിന്റെയും രേഖകള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നത്. പരുക്കേറ്റ ഇരുവരെയും കാണുക പോലും ചെയ്യാതെയാണ് മജിസ്ട്രേറ്റ് ഡി ശരവണന്‍ റിമാന്‍ഡ് ചെയ്തതെന്നും വിവരം. വീടിന്റെ മുന്‍വശത്ത് നിന്ന് നോക്കിയ ജഡ്ജി ഒപ്പിട്ടെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു. മജിട്രേറ്റിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കം രംഗത്തെത്തി.

ലോക്ക് ഡൗണ്‍ നിയമലംഘനത്തിന് അറസ്റ്റ് ചെയ്ത ഇരുവരെയും കോവില്‍പ്പെട്ടി സബ്ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. എട്ട് മണിക്ക് ശേഷവും കട തുറന്ന ബെന്നെക്സിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം മകനെ അന്വേഷിച്ചെത്തിയ അച്ഛന്‍ ജയരാജനെയും പോലീസ് അറസ്റ്റ്‌ചെയ്തു. പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഇരുവര്‍ക്കും പരുക്കുകള്‍ ഇല്ലായിരുന്നതായി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. ജയിലിലേക്കുള്ള യാത്രക്കിടയിലും ഉടുമുണ്ട് മാറ്റിയിരുന്നു. ജയരാജ് ക്ഷീണിതനായിരുന്നെന്നും ബെക്സിന് ശരീരത്തിന്റെ വിവിധ ഇടങ്ങളില്‍ പരുക്കുകള്‍ ഉണ്ടായിരുന്നതായും രേഖകളില്‍ പറയുന്നു.

കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അച്ഛനും മകനും മരിക്കുകയായിരുന്നു. തുടര്‍ന്ന് ധാരാളം പേര്‍ ഇതിനെതിരെ രംഗത്ത് വന്നു എങ്കിലും കുറ്റക്കാര്‍ എന്ന് കണ്ടു രണ്ടു പോലീസുകാരെ സസ്‌പെന്റ് ചെയ്യുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ മരണത്തോടാണ് ഇരുവരുടെയും മരണത്തെ ആളുകള്‍ ഉപമിക്കുന്നത്.