കറാച്ചിയില്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന് നേരെ ഭീകരാക്രമണം ; ആറുപേര്‍ കൊല്ലപ്പെട്ടു
പാകിസ്താനിലെ കറാച്ചിയില്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശവാസികളായ രണ്ട് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെ 9 മണിയോടെയാണ് അതീവ സുരക്ഷാ മേഖലയിലുള്ള സ്റ്റോക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്.
കാറിലെത്തിയ തീവ്രവാദികള്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് കവാടത്തിന് നേരെ ഗ്രനേഡ് എറിഞ്ഞതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ നാല് ഭീകരരും കൊല്ലപ്പെട്ടു. ഇവരില്‍ നിന്ന് ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് സുരക്ഷാ സേനയുടെ തെരച്ചില്‍ തുടരുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറ്റക്കാരായവരെ കണ്ടെത്തുമെന്നും അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തുമെന്നും സിന്ധ് ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മയില്‍ പറഞ്ഞു. സിന്ധ് ഡി.ഐ.ജി ആക്രമണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ കൂടാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.