മാണി ഗ്രൂപ്പ് വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍ ; സ്വാഗതം ചെയ്ത് എന്‍ ഡി എ

യു ഡി എഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനത്തെ എതിര്‍ത്ത് സിപിഐയും എന്‍സിപിയും. കേരളകോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്നും, യു ഡിഎഫിലെ ഘടകകക്ഷികളുടെ വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അതുപോലെ ജോസിനെ മുന്നണിയില്‍ എടുത്താലും പാല സീറ്റ് വിട്ട് നല്‍കാനാകില്ലെന്ന് എന്‍സിപിയും മുഖ്യമന്ത്രിയെ അറിയിച്ചു.

ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ കൊണ്ട് വരണമെന്നാഗ്രഹം സിപിഎമ്മിനുണ്ടെങ്കിലും മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ എതിര്‍പ്പ് പ്രതിസന്ധിയിയാണ്. മാണിയുടെ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ വേണ്ടെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുന്ന സിപിഐ എതിര്‍പ്പ് പരസ്യമായി വ്യക്തമാക്കിക്കഴിഞ്ഞു.

ജോസിന്റെ പാര്‍ട്ടി ഇടത് മുന്നണിയില്‍ എത്തിയാല്‍ പാല സീറ്റ് നഷ്ടമാകുമോ എന്ന ആശങ്ക എന്‍സിപിയിലും ഉടലെടുത്തു. മാത്രമല്ല പാലായിലെ തന്റെ ജയത്തെ ഇടത് നേതാക്കള്‍ അടക്കം ഇകഴ്ത്തികാണിക്കുന്നതില്‍ മാണി സി കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധമറിയിച്ചു. എന്നാല്‍ ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിലെ ഇടത് പക്ഷത്തെ ഭിന്നത മറനീക്കി പുറത്ത് വന്നെങ്കിലും ചര്‍ച്ചകള്‍ക്കുള്ള സാധ്യത അടഞ്ഞിട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നത്.

അതേസമയം ജോസ് കെ മാണിക്ക് എന്‍ ഡി യെയിലേയ്ക്ക് സ്വാഗതം എന്ന് എന്‍ഡിഎ ഘടക കക്ഷി നേതാവ് പി സി തോമസ് അറിയിച്ചു. ജോസ് കെ മാണിയുമായി പ്രാഥമിക ചര്‍ച്ച നടന്നെന്ന് പി സി തോമസ് പറഞ്ഞു. എന്‍ഡിഎ കൂടുതല്‍ ആളുകളെ ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജോസ് കെ മാണി എന്‍ഡിഎയിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും പി സി തോമസ് പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ പല തട്ടുകളില്‍ ഒതുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിക്കോ എന്‍ഡിഎക്കോ കേരള കോണ്‍ഗ്രസിനോട് അയിത്തമില്ല. കേരള കോണ്‍ഗ്രസിനോട് എന്‍ഡിഎക്ക് താത്പര്യമാണെന്നും പി സി തോമസ് വ്യക്തമാക്കി.