കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയില്‍ ; 80 കോടി ജനങ്ങള്‍ക്ക് നവംബര്‍വരെ സൗജന്യ റേഷന്‍ : പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തില്‍ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗണ്‍ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ് എന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ലോക്ഡൗണിനൊപ്പം ശക്തമായ മുന്‍കരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ നീട്ടി. 80 കോടി കുടുംബങ്ങള്‍ക്ക് 5 കിലോ അരിയോ ഗോതമ്പോ നല്‍കും. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അതിഥി തൊഴിലാളികള്‍ക്കു തുണയാകും.
വരുന്ന മാസങ്ങള്‍ ഉത്സവങ്ങളുടെ കാലമാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങള്‍ക്കു ശേഷം നവംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ കാര്യത്തില്‍ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 90,000 കോടിയാണ് സര്‍ക്കാരിന് ചിലവ് വരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകള്‍ കൂടി നോക്കിയാല്‍ മൊത്തം 1.5 ലക്ഷം കോടിയുടെ ചിലവാണ് വരുന്നത്.
ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31,0000 കോടി രൂപ 20 കോടി പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ കര്‍ഷകര്‍ക്ക് സഹായമായി ഇതുവരെ 18,000 കോടി രൂപയും സര്‍ക്കാര്‍ നല്‍കിട്ടുണ്ട്.