വിയന്ന അതിരൂപത സഹായമെത്രാന്‍ ഫ്രാന്‍സ് ഷാര്ള്‍ മലയാളി ലത്തീന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി

വിയന്ന: വിയന്ന അതിരൂപത സഹായമെത്രാന്‍ ബിഷപ് ഫ്രാന്‍സ് ഷാര്ള്‍ ഓസ്ട്രിയയിലെ മലയാളി ലത്തീന്‍ സമൂഹത്തെ ഔപചാരികമായി സന്ദര്‍ശിച്ചു. വിയന്നയിലെ നോയര്‍ല പാരിഷ് ഹാളിലായിരുന്നു കൂടിക്കാഴ്ച.

കോവിഡാനന്തര ഘട്ടത്തില്‍ ലത്തീന്‍ സമൂഹത്തിന്റെ കൂട്ടായ്മയെ ശക്തിപ്പെടുത്താനും അംഗങ്ങളുടെ ആധ്യാത്മിക വളര്‍ച്ചയെ പരിപോഷിക്കാനും ഉദ്ദേശിച്ചായിരുന്നു സന്ദര്‍ശനം. പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത ഘട്ടങ്ങളിലും ദൈവാശ്രയ ബോധത്തിന്റെയും ദൈവവചനത്തെ മുറുകെപ്പിടിക്കണ്ടത്തിന്റെയും ആവശ്യകതയെക്കുറിച്ചും ബിഷപ്പ് ഷാര്ള്‍ സംസാരിച്ചു. വിശ്വാസ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളികളുടെ വിശ്വാസ ജീവിതം യൂറോപ്പിന് പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ റീത്തുകളിലെ സഭാവിശ്വാസികള്‍ വിയന്നയില്‍ പരസ്പരം ഐക്യത്തിലും സൗഹൃദത്തിലും പങ്കെടുക്കുന്നതിന്റെ സാക്ഷ്യമാണ് കൂട്ടായ്മയിലൂടെ വെളിപ്പെടുന്നതെന്നു സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ച ലത്തിന്‍ സമൂഹത്തിന്റെ വികാരി ഫാ. മത്യാസ് ഒലിവര്‍ പറഞ്ഞു. സമൂഹബലിയ്ക്കു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സീബന്‍ ഹിര്‍ട്ടന്‍ മേഖലയിലെ വിവിധ റീത്തുകളിലും സഭാ വിഭാഗങ്ങളിലും നിന്നുള്ള വിശ്വാസികളും പങ്കെടുത്തു. ലിറ്റര്‍ജി കോഓര്‍ഡിനേറ്റര്‍ സുജ പെരേര കൃതജ്ഞത അര്‍പ്പിച്ചു.