തമിഴ്‌നാട് നെയ്‌വേലിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറുമരണം ; നിരവധിപേര്‍ക്ക് പരിക്ക്
തമിഴ്‌നാട്ടിലെ കടലൂര്‍ നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ വീണ്ടും അപകടം. ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുത്തരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ലിഗ്‌നൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. രണ്ടാം സ്റ്റേജിലെ അഞ്ചാം യൂണിറ്റിലായിരുന്നു അപകടം. 87 മീറ്റര്‍ ഉയരമുള്ള ബോയിലറാണ് പൊട്ടിത്തെറിച്ചത്.
രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലും മരിച്ചു. എല്ലാവരും കരാര്‍ തൊഴിലാളികളാണ്. അപകടമുണ്ടായ സ്ഥലത്ത് കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നുണ്ട്. അഗ്‌നിശമന സേനയെത്തി, തീ നിയന്ത്രണ വിധേയമാക്കി.
പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹങ്ങള്‍ കൊണ്ടുവന്ന ആംബുലന്‍സുകള്‍ ബന്ധുക്കളും നാട്ടുകാരും തടഞ്ഞു. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ടു മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് പ്ലാന്റില്‍ അപകടം ഉണ്ടാകുന്നത്.
കഴിഞ്ഞ മെയ് മാസത്തിലും ഇവിടെ സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു. അന്ന് ഏഴോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഇതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടാകുന്നത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഈ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.