സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജില്‍ വര്‍ധന. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.ചാര്‍ജ് വര്‍ധനയ്ക്ക് ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കോവിഡ് കാലത്തേക്ക് മാത്രമാണ് നിരക്ക് വര്‍ധന ബാധകം. അഞ്ചു കിലോമീറ്ററിന് എട്ടുരൂപ എന്നതാണ് നിലവിലെ നിരക്ക്. ഇത് രണ്ട് കിലോമീറ്ററിന് എട്ടുരൂപയാക്കിയിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ കോവിഡ് ലോക്ക്ഡൗണിന് പിന്നാലെ 50 ശതമാനം നിരക്ക് കൂട്ടി ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റില്‍ സര്‍വീസിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു ഇത്. പിന്നീട് മുഴുവന്‍ സീറ്റിലും യാത്രാനുമതി നല്‍കിയതോടെ നിരക്ക് വര്‍ധന പിന്‍വലിച്ചിരുന്നു.
രണ്ടര കിലോമീറ്ററിന് ശേഷമുള്ള സ്റ്റേജുകളില്‍ 25 ശതമാനമാണ് വര്‍ധന. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ക്ക് ഇതേ നിരക്ക് തന്നെയാണ് ബാധകം. അതായത് കിലോമീറ്ററിന് 70 പൈസ എന്നത് 90 പൈസയാക്കി വര്‍ധിപ്പിച്ചു. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് കൂടുതല്‍ ചാര്‍ജ് ഈടാക്കും, വിശദമായ പട്ടിക പ്രസിദ്ധീകരിക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ ചാര്‍ജ് വര്‍ധന നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ പ്രത്യേക നിരക്ക് ഈടാക്കില്ല. അല്ലാതെയുള്ള വര്‍ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രാമചന്ദ്രന്‍ കമ്മീഷന് സാവകാശം വേണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനവും ലോക്ക്‌ഡൌണും കാരണം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ഇന്ധനവില പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. കൂടെ ഇന്ധനവില വര്‍ധന കൂടിയായതോടെ ബസുകള്‍ പലതും ഓട്ടം നിര്‍ത്തി. തുടര്‍ന്ന് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് സര്‍ക്കാരിലേക്ക് നല്‍കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നതിനാലാണ് വിദ്യാര്‍ഥികളുടെ നിരക്ക് അതുപോലെ തന്നെ നിലനിര്‍ത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവില്‍ തൃപ്തരല്ലെന്ന് സ്വകാര്യ ബസുടമകള്‍ പ്രതികരിച്ചു.