തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം ; എസ്.ഐ അറസ്റ്റില്‍
തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷന്‍ എസ്.ഐ അറസ്റ്റില്‍. കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ മൂന്ന് പേരില്‍ ഒരാളായ സാത്താങ്കുളം എസ്.ഐ രഘു ഗണേഷാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റമായ 302 വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രഘു ഗണേഷിന് പുറമേ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. സി.ബി.സി.ഐ.ഡി ഐ.ജിയുടേയും എസ്.പിയുടേയും നേതൃത്വത്തില്‍ 12 പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ആരോപണ വിധേയരായ 13 പൊലീസുകാരെയും ചോദ്യംചെയ്തു.
സാത്താങ്കുളം സ്റ്റേഷനില്‍ ഒരു മാസത്തിനിടെ നടന്ന എല്ലാ ലോക്കപ്പ് മര്‍ദ്ദനങ്ങളേക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്. കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ലോക്ക് ഡൌണ്‍ കാരണം കട അടയ്ക്കാന്‍ താമസിച്ചതിനു പിടികൂടിയ അച്ഛനെയും മകനെയുമാണ് പോലീസ് അതിക്രൂരമായി മര്‍ദിച്ചു കൊന്നത്.