വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി രാഹുല്‍ഗാന്ധി ; ഓണ്‍ലൈന്‍ ക്ലാസിനായി 175 സ്മാര്‍ട്ട് ടി.വി കൂടി നല്‍കി

വയനാട്ടിലെ വിദ്യര്‍ഥികള്‍ക്ക് വീണ്ടും സഹായവുമായി രാഹുല്‍ ഗാന്ധി എം.പി. കുട്ടികള്‍ക്ക് വേണ്ടി 175 സ്മാര്‍ട്ട് ടി.വി കൂടി രാഹുല്‍ നല്‍കും. ഇത് രണ്ടാം തവണയാണ് വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി രാഹുല്‍ ടി.വികള്‍ നല്‍കുന്നത്. ജൂണ്‍ 19 ന് 50 ാം പിറന്നാളിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് 50 ടി.വി രാഹുല്‍ നല്‍കിയിരുന്നു. രണ്ടാം ഘട്ടമായാണ് ഇപ്പോള്‍ 175 ടി.വി കൈമാറുന്നത്. ആദിവാസി വിഭാഗങ്ങളില്‍ നിന്നടക്കമുള്ള കുട്ടികള്‍ക്കാണ് ടി.വി കൈമാറുന്നത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതിന്റെ വിഷമത്തില്‍ വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കായി ടി.വി നല്‍കാമെന്നേറ്റ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ കലക്ടര്‍ക്കും രാഹുല്‍ കത്ത് നല്‍കിയിരുന്നു.

ആദിവാസി വിഭാഗങ്ങളില്‍ നിന്നടക്കമുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്ത് പോകുന്നതിന്റെ ആശങ്കയും മുഖ്യമന്ത്രിക്കയച്ച് കത്തില്‍ രാഹുല്‍ പങ്കുവെച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ പൂര്‍ണ സഹകരണവും രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു.