ഉടമസ്ഥ മരിച്ചു ; നായ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

കാന്പൂരിലെ ബാര്‍റയില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഉടമ മരിച്ചതിനെ തുടര്‍ന്നു കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും നായ ചാടി ചാവുകയായിരുന്നു. അനിത രാജ് സിംഗ് എന്ന ഉടമസ്ഥ മരിച്ച വിഷമത്തില്‍ ആണ് അവരുടെ വളര്‍ത്ത് നായ ജയ ആത്മഹത്യ ചെയ്തത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നായയുടെ ഉടമയും ഡോക്ടറുമായ അനിത രാജ് സിംഗ് മരിച്ചത്. സിറ്റി ഹോസ്പിറ്റലില്‍ മാസങ്ങളായി ഇവര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

അനിതയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ചപ്പോള്‍ മുതല്‍ വളര്‍ത്തുനായയായ ജയ കുരക്കുകയും വിലപിക്കുകയും ചെയ്തതായി അനിതയുടെ മകന്‍ തേജസ് പറഞ്ഞു. പിന്നീട് മുകളിലേക്ക് പോയ നായ നാലാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ‘ഞങ്ങള്‍ അവളെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നട്ടെല്ലിന് ഓടിവുണ്ടായിരുന്നു.’ -തേജസ് പറയുന്നു. അനിത ആശുപത്രിയില്‍ ആയത് മുതല്‍ നായ വിഷാദത്തിലായിരുന്നുവെന്നും ഭക്ഷണം പോലും കഴിക്കില്ലായിരുന്നു എന്നും തേജസ് പറഞ്ഞു.

വ്യാഴാഴ്ച അനിതയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ജയയെ വീടിനു സമീപത്തായി കുഴിച്ചിട്ടു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവില്‍ നിന്നുമാണ് അനിത നായയെ വീട്ടിലെത്തിക്കുന്നത്, അന്ന് മുതല്‍ ജയ ഇവരുടെ കുടുംബാംഗത്തെ പോലെയാണ്. അതേസമയം മൃഗങ്ങള്‍ ആത്മഹത്യ ചെയ്യാറില്ല എന്ന വാദവുമായി ചിലര്‍ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.