സെല്‍ഫി എടുക്കുന്നതിനിടെ 5 യുവാക്കള്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് അപകടം നടന്നത്. സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ അഞ്ച് യുവാക്കള്‍ ആണ് മരിച്ചത്. നിമേഷ് പട്ടേല്‍, ജയ് ഭോയിര്‍, പ്രതമേഷ് ചവാന്‍, ദേവേന്ദ്ര വാഹ്, ദേവേന്ദ് ഫട്നാകര്‍ എന്നിവര്‍ക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ജവഹര്‍ ഏരിയയിലെ വെള്ളച്ചാത്തിന് മുകളില്‍ നിന്നും സെല്‍ഫി എടുക്കവെയാണ് അപകടമുണ്ടായത്. പതിമൂന്ന് പേര് അടങ്ങുന്ന സംഘമായിരുന്നു ഇവര്‍.

സെല്‍ഫി എടുക്കുന്നതിനിടെ രണ്ടുപേരാണ് ആദ്യം വെള്ളച്ചാട്ടത്തില്‍ വീണത്. ഇവരെ രക്ഷിക്കാനായി ചാടിയതായിരുന്നു ബാക്കി മൂന്നുപേര്‍. ഒടുവില്‍ അഞ്ചുപേരും മുങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.