കാസ്റ്റിംഗ് കാള്‍ , ഓഡിഷന്‍ തട്ടിപ്പിന് കൂച്ചുവിലങ്ങിടാന്‍ ഫെഫ്ക; താരങ്ങളുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും തീരുമാനം

സിനിമാ താരങ്ങളുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നതും കാസ്റ്റിംഗ് കാള്‍ ഓഡിഷന്‍ എന്നിങ്ങനെയുള്ള തട്ടിപ്പുകള്‍ക്കും എതിരെ ഫെഫ്ക. താരങ്ങളുടെ നമ്പര്‍ അപരിചിതര്‍ക്ക് നല്‍കരുത്. ഇക്കാര്യം വ്യക്തമാക്കി പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയന് ഫെഫ്ക കത്തയച്ചു. ഷംന കാസിമിന്റെ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓഡിഷന്‍ ഏജന്‍സികളും കാസ്റ്റിംഗ് ഡയറക്ടര്‍മാരും ഇനി മുതല്‍ ഫെഫ്ക്കയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓഡിഷന്‍ ഏജന്‍സികളെക്കുറിച്ച് സംശയം തോന്നിയാല്‍ ഫെഫ്കയില്‍ പരാതിപ്പെടാം. ഇതിനായി ടോള്‍ ഫ്രീ നമ്പറും ഫെഫ്ക തയ്യാറാക്കും. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ക്ക് ചലച്ചിത്ര മേഖലയില്‍ നിന്ന് കാസ്റ്റിങ്ങുമായി ബന്ധപ്പെട്ടും അല്ലാതെയും ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഫെഫ്ക വിമന്‍സ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 91 9846342226 എന്ന നമ്പരില്‍ സ്ത്രീകള്‍ക്കും, ട്രാന്‍സവുമണ്‍ കമ്മ്യുണിറ്റിയില്‍പ്പെട്ടവര്‍ക്കും ബന്ധപ്പെടാവുന്നതാണ്. 91 9645342226 എന്ന നമ്പറില്‍ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ് .

ഈ രംഗത്തെ തട്ടിപ്പിനെ ആസ്പദമാക്കി ഒരു ബോധവല്‍ക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിര്‍മ്മിക്കുന്നുണ്ട്. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത് ജോമോന്‍ ടി. ജോണ്‍ ആണ്. ഫെഫ്കയുടെ യൂട്യൂബ് ചാനല്‍ വഴി തന്നെയാകും പുതിയ ചിത്രവുമെത്തുക.

ഫെഫ്ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഓഡിഷന്‍ ഏജന്‍സികളുടെയും കാസ്റ്റിംഗ് ഡയറക്ടര്‍മാരുടെയും പൂര്‍ണ്ണവിവരങ്ങള്‍ പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്‍, അമ്മ, ഡയറക്‌റ്റേര്‍സ്സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ക്ക് കൈമാറും. ഓഡിഷന്‍/കാസ്റ്റിംഗ് എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ചൂഷണങ്ങള്‍ വലിയ രീതിയില്‍ തടയാന്‍ ഇത് കൊണ്ടു കഴിയുമെന്നാണ് ഫെഫ്ക കരുതുന്നത്.