കൊറോണക്ക് ഇടയില്‍ ഇടുക്കിയില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും : വ്യവസായിക്കെതിരെ കേസ്

ലോക്ക് ഡൌണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു ഇടുക്കി രാജാപ്പാറയില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പോലീസ് കേസ് എടുത്തു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെയാണ് ശാന്തന്‍പാറ പൊലീസ് കേസെടുത്തത്. ഏകദേശം മുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു എന്നാണ് വിവരം.

ഒരു റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചിരുന്നത്. തണ്ണിക്കോട് മെറ്റല്‍സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജൂണ്‍ 28നാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച പരിപാടി 6 മണിക്കൂര്‍ നീണ്ടുനിന്നു. പങ്കെടുത്തവരില്‍ പ്രമുഖരായ രാഷ്ട്രീയക്കാരും പൊലീസുകാരും ഉണ്ടെന്നാണ് വിവരം. നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുകയായിരുന്നു.

നിലവില്‍ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നേരത്തെ ഇക്കാര്യം അറിയിച്ചപ്പോള്‍ പൊലീസ് വേണ്ടവിധത്തില്‍ അന്വേഷിച്ചില്ലെന്ന് പരാതിയുണ്ട്. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തതെന്നും നാട്ടുകാര്‍ പറയുന്നു. കേരളത്തിലെ കൊറോണ രോഗികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വശത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്.