കൊറോണ വൈറസ് ; ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്

കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യസംഘടന ചൈനയിലേയ്ക്ക് പോകുന്നു. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണം ശക്തി പ്രാപിക്കുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ പെട്ടന്നുള്ള നീക്കം. അടുത്ത ആഴ്ച്ച വിദഗ്ധ സംഘം ചൈനയില്‍ എത്തുമെന്നാണ് വിവരം.വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഇത് ശാസ്ത്രമാണ്,പൊതുജനാരോഗ്യമാണ് വൈറസിന്റെ ആവിര്‍ഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിയാല്‍ വൈറസിനെതിരെ വളരെ ശക്തമായി പോരാടാനാകും എന്നും ലോകാരോഗ്യസംഘടന സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ട്രേഡോസ് അഥനോം ഗബ്രിയേസസ് വ്യക്തമാക്കി.

അമേരിക്ക നേരത്തെ തന്നെ ചൈനയുടെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായത് എന്ന് ആരോപണം ഉയര്‍ത്തിയിരുന്നു,എന്നാല്‍ ഈ ആരോപണം ചൈന നിഷേധിക്കുകയും ചെയ്തിരുന്നു. ചൈനീസ് വൈറസ് എന്ന വാക്കുപയോഗിച്ച് അമേരിക്കന്‍ പ്രസിഡാന്റ്‌റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

എന്നാല്‍ അപ്പോള്‍ എല്ലാം ലോകാരോഗ്യ സംഘടന ചൈനയുടെ ഒപ്പമാണ് നിലകൊണ്ടത്. അത് ലോകാരോഗ്യ സംഘടനയും അമേരിക്കയും തമ്മില്‍ ഇടയുന്നതിനും കാരണമായി. എന്നാല്‍ ഇപ്പോള്‍ ലോകാരോഗ്യ സംഘടന തന്നെ ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് തയ്യാറായിരിക്കുകയാണ്.

ലോകത്ത് ഇതുവരെ ഒരുകോടിയിലധികം പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായിട്ടുണ്ട്,അഞ്ചേകാല്‍ ലക്ഷം പേര്‍ക്ക് കോവിഡ് ബാധയെതുടര്‍ന്ന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയിലും വൈറസ് ബാധ വേറെ തലത്തില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.