തമിഴ്‌നാട് പിടിക്കാന്‍ സിനിമാ നടിമാരെ രംഗത്ത് ഇറക്കി ബിജെപി
തമിഴ് മക്കളുടെ സിനിമാ പ്രേമം മുതലാക്കി തമിഴ്‌നാട്ടില്‍ വെരോറപ്പിക്കാന്‍ ഉള്ള തന്ത്രവുമായി ബിജെപി. നടിമാരായ മധുവന്തി അരുണ്‍, ഗൗതമി, ‘കുട്ടി’ പത്മിനി, നമിത എന്നിവരെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നിയമിച്ചു. കലാ-സാംസ്‌കാരിക വിഭാഗത്തിന്റെ പുതിയ പ്രസിഡന്റായി ഗായത്രി രഘുറാമിനെയും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ടഡ പെരിയസാമിയെയും നിയമിച്ചു.
കെ ടി രാഘവന്‍, പ്രൊഫ. ആര്‍. ശ്രീനിവാസന്‍, കരു നാഗരാജന്‍ എന്നിവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നല്‍കി. എസ്ആര്‍ ശേഖര്‍ സംസ്ഥാന ട്രഷററായി തുടരും. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ആര്‍ സി പോള്‍ കനഗരാജിനെ അഡ്വക്കേറ്റ്‌സ് വിംഗ് പ്രസിഡന്റായി നിയമിച്ചു. ഫെബ്രുവരിയില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ AIADMK MP ശശികല പുഷ്പയെയും ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമായി നിയമിച്ചു.
മുന്‍ MLA പൊന്‍ വിജയരാഘവനും ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗമായി. സുബ നാഗരാജന്‍, ഡി കുപ്പുറാമു, എം എസ് രാമലിംഗം, എം സുബ്രഹ്മണ്യന്‍, സി നരസിംഹന്‍, എസ് കെ കാര്‍വേന്ദന്‍, തിരുപ്പതി നാരായണന്‍, കെ കനിമൊഴി എന്നിവരെ പാര്‍ട്ടിയുടെ സംസ്ഥാന വക്താക്കളായി നിയമിച്ചു.
അഞ്ച് ജില്ലകളിലേക്കുള്ള ഓഫീസ് ഭാരവാഹികള്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍, വിവിധ വിഭാഗങ്ങളുടെ പ്രസിഡന്റുമാര്‍, ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, പുതിയ വക്താക്കള്‍, ജില്ലാ നിരീക്ഷകര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന DMKയുടെ മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിപി ദുരൈസ്വാമിയാണ് സംസ്ഥാന യൂണിറ്റ് വൈസ് പ്രസിഡന്റ്. വാനതി ശ്രീനിവാസനെയും നൈനാര്‍ നാഗേന്ദ്രനെയും വൈസ് പ്രസിഡന്റുമാരായി നിയമിച്ചു.