അമ്മ താരസംഘടനയുടെ യോഗം നടന്നത് കണ്ടയിന്‍മെന്റ് പ്രദേശത്തെ ഹോട്ടലില്‍

താരസംഘടനയായ അമ്മയുടെ യോഗം നടന്നത് കണ്ടയിന്‍മെന്റ് പ്രദേശത്തെ ഹോട്ടലില്‍. എതിര്‍പ്പു ഉയര്‍ന്നതോടെ പോലീസ് എത്തി ഹോട്ടല്‍ അടപ്പിച്ചു. കണ്ടയിന്‍മെന്റ് സോണ്‍ ആയിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ ഹോട്ടലില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മീറ്റിംഗ് നടത്തിയതെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അതിവേഗം ഉയരുന്ന കൊച്ചിയില്‍ കണ്ടയിന്‍മെന്റ് സോണുകളില്‍ അടക്കം കര്‍ശന നിയന്ത്രണമാണ്. ഇടവഴികളടക്കം കെട്ടിയടച്ചു. ആളുകള്‍ക്ക് പുറത്തേക്ക് ഇറങ്ങുന്നതിന് നിയന്ത്രണവുമുണ്ട്. ഇങ്ങനെ, അതീവജാഗ്രത തുടരുന്നതിനിടെയാണ് സ്വകാര്യഹോട്ടലില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനകളുടെ യോഗം. കോവിഡ് പോസിറ്റീസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉള്‍പ്പെടുന്ന ചക്കരപ്പറമ്പ് 46 ഡിവിഷന്‍ അടച്ചിരിക്കുകയാണ്.

എന്നാല്‍, എയര്‍പോര്‍ട്ടിലെ ജീവനക്കാരടക്കം താമസിക്കുകയും പെയ്ഡ് ക്വാറന്റീന്‍ നല്‍കുകയും ചെയ്യുന്ന ഹോട്ടലില്‍ യോഗം ചേര്‍ന്നു. എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും യോഗത്തിനെത്തി. തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. രാവിലെയാണ് അമ്മയുടെ എക്‌സിക്യൂട്ടീവില്‍ അവൈലബിള്‍ അംഗങ്ങള്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ യോഗം ചേര്‍ന്നത്.

കണ്ടെയ്ന്‍മെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് ഹൈവേയോട് ചേര്‍ന്നാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. എഎംഎംഎ യോഗം ചേരുന്നതറിഞ്ഞ് ചക്കരപറമ്പ് കൗണ്‍സിലര്‍ നസീമയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ച് എത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി പ്രതിഷേധക്കാരും ഹോട്ടലുകാരും അമ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പിന്നാലെ യോഗം നിര്‍ത്തിവയ്ക്കുകയായിരുന്നു.

അതേസമയം താരങ്ങളുടെ പ്രതിഫലക്കാര്യത്തില്‍ നിര്‍മാതാക്കള്‍ക്ക് അനുകൂല നിലപാടുമായി താരസംഘടനയായ എഎംഎംഎ. നിര്‍മാതാക്കളുമായി താരങ്ങള്‍ സഹകരിക്കണമെന്ന നിലപാടിലാണ് എഎംഎംഎ നേതൃത്വം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തും. തുടര്‍ന്ന് നിലപാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കാനും ധാരണയായി.

സംഘടനയുടെ നിര്‍വാഹക സമിതി യോഗമാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയാറായേക്കുമെന്ന സൂചനയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ സൗകര്യമായ മറ്റൊരു ദിവസം യോഗം ചേരുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.