ഒരു കോവിഡ് മരണം കൂടി കൊച്ചിയില്‍ ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളമശേരി മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന കൊച്ചി ബ്രോഡ് വേയിലെ വ്യാപാരിയായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ്(66) ആണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ജൂണ്‍ 28നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 26 ആയി.

എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ജൂണ്‍ 28-ാം തിയതിയാണ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. കൊവിഡ് ന്യൂമോണിയ വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.