തിരുവനന്തപുരത്ത് വന്‍സ്വര്‍ണവേട്ട ; സ്വര്‍ണ്ണം എത്തിയത് യു.എ.ഇ.കോണ്‍സുലേറ്റ് വിലാസത്തില്‍

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിലാണ് സ്വര്‍ണ്ണം ഒളിപ്പിച് എത്തിച്ചത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണമാണ് ബാഗേജില്‍ കണ്ടെത്തിയതെന്നാണ് വിവരം. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി. മൂന്ന് ദിവസം മുന്‍പാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം എത്തിയത്. യാത്രക്കാര്‍ കടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം പിടികൂടുന്നത് ഇതാദ്യം. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്‌സല്‍ പരിശോധിച്ചതില്‍ 30 കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

മൂന്ന് ദിവസം മുന്‍പാണ് കാര്‍ഗോ ഫ്‌ലൈറ്റില്‍ ദുബൈയില്‍ നിന്ന് പാഴ്‌സല്‍ എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് കാര്‍ഗോ വിഭാഗത്തില്‍ പരിശോധന നടത്തുകയായിരുന്നു. പല രൂപത്തിലാക്കിയ സ്വര്‍ണമാണ് കണ്ടെടുത്തിട്ടുള്ളത്. പല ബോക്‌സുകളിലായാണ് സ്വര്‍ണം കണ്ടെത്തിയത് എന്നാണ് സൂചന. അതേസമയം പാഴ്‌സല്‍ ആര്‍ക്കാണെന്നും ആരാണ് അയച്ചതെന്ന് അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.