ഇടുക്കി രാജാപ്പാറയിലെ നിശാപ്പാര്‍ട്ടി ; ആപ്പിലായി സിപിഎം

ഇടുക്കി രാജാപ്പാറയില്‍ കൊവിഡ് പ്രൊടോക്കോള്‍ ലംഘിച്ച് നടന്ന നിശാപാര്‍ട്ടി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഭരണപാര്‍ട്ടിയായ സിപിഎമ്മിനെ. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്ന നിശാ പാര്‍ട്ടിക്കും ബെല്ലി ഡാന്‍സിനും മുന്‍പ് സ്ഥാപനം ഉത്ഘാടനം ചെയ്തത് മന്ത്രി എംഎം മണിയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നേരത്തെ പാറമട അനുവദിച്ചതുമായി ബന്ധപെട്ട് വിവാദം നിലനില്‍ക്കെയാണ് വീണ്ടും ഒരു കമ്പനിക്ക് പാറമടയ്ക്ക് അനുമതി നല്‍കിയത്. പാറമടകള്‍ അനുവദിച്ച അളവിലും കൂടുതല്‍ പാറ പൊട്ടിക്കുന്നതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി ദേവികുളം സബ് കളക്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇങ്ങനെ വിവാദം നിലനില്‍ക്കുമ്പോഴാണ് മറ്റൊരു വ്യവസായ ഗ്രൂപ്പിന് പാറമട അനുവദിക്കുന്നത്,അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊണ്ട് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിക്കുകയും ചെയ്തു,നിശാ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. മതനേതാക്കള്‍,രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ഈ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.ബെല്ലി ഡാന്‍സിനായി ഉക്രെയിന്‍ സ്വദേശിയെ എത്തിച്ചത് 5 ലക്ഷം രൂപയ്ക്കാണ് എന്ന് പറയുന്നു.

മദ്യസല്‍ക്കാരം ഉള്‍പ്പെടെയാണ് നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്,നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത 47 പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരേ ശാന്തന്‍പാറ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

അതേസമയം സംഭവവുമായി ബന്ധപെട്ട് പുറത്ത് വരുന്ന വിവരങ്ങള്‍ സിപിഎം നേതൃത്വത്തെ പ്രതിരോധത്തില്‍ ആക്കുന്നതാണ്.പാറമടകള്‍ അനുവദിച്ചതുമായി ബന്ധപെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ വീണ്ടും എങ്ങനെ കമ്പനി അനുമതി സ്വന്തമാക്കി എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.മന്ത്രി എംഎം മണി എങ്ങനെ ഈ കമ്പനിയുടെ ഉത്ഘാടന പരിപാടിയില്‍ പങ്കെടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.