തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് 19 കേസുകള്‍ വ്യാപിച്ചതോടെ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോടതികളില്‍ കേസ് പരിഗണിക്കുന്നത് മാറ്റി. ഒരാഴ്ചത്തേക്ക് കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.
സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കൂടിയതോടെ കനത്ത ആശങ്കയിലാണ് തലസ്ഥാനനഗരം. പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്ന നഗരമേഖലയിലും നഗരത്തോട് ചേര്‍ന്നു കിടക്കുന്ന മണക്കാട്, പേട്ട, പൂന്തുറ എന്നിവിടങ്ങളിലുമാണ് ഇതില്‍ കൂടുതല്‍ സമ്പര്‍ക്ക രോഗികളെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
സമ്പര്‍ക്കം അറിയാത്ത രോഗികളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരന്‍, പാളയത്തെ ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന്‍, എആര്‍ ക്യാംപിലെ പൊലീസുകാരന്‍, പൂന്തുറയ്ക്കു സമീപം കുമരിച്ചന്തയിലെ മീന്‍കച്ചവടക്കാരനും ഉള്‍പ്പെടുന്നു. ജനവുമായി ഏറെ ഇടപഴകാന്‍ സാധ്യതയുളളവരാണ് ഇവരെന്നതും സ്ഥിതി ഗുരുതരമാക്കുന്നു.
വെള്ളനാട് പഞ്ചായത്തിലെ കണ്ണമ്പളളി, വെള്ളനാട് ടൗണ്‍ തുടങ്ങിയ മേഖലകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിരോധിച്ചു. മുഴുവന്‍ വിതരണക്കാര്‍ക്കും പൂന്തുറ മേഖല കേന്ദ്രീകരിച്ചും ആന്റിജന്‍ പരിശോധന നടത്താനും തീരുമാനമായി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൂന്തുറയില്‍ മാത്രം ഇന്ന് ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ജില്ലയില്‍ ഞായറാഴ്ച പുതുതായി 971 പേരാണ് രോഗനിരീക്ഷണത്തിലായത്. 955 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 39 പേരെയാണ് ഞായറാഴ്ച പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 60 പേരെ ഡിസ്ചാര്‍ജ് ചെയ്തു.