എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന് വേണ്ടി ഊര്‍ജ്ജിത തിരച്ചില്‍

ഗുണ്ടാസംഘം പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ . ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ വാസസ്ഥലം റെയ്ഡ് ചെയ്യുന്ന വിവരം പൊലീസുകാര്‍ തന്നെ ചോര്‍ത്തുനല്‍കിയെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ വികാസ് ദുബെയുടെ അനുയായി തന്നെയാണ് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്.

റെയ്ഡിന് മുമ്പ് ദുബെയ്ക്ക് പോലീസില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതായി ദയാശങ്കര്‍ വെളിപ്പെടുത്തി. ഇതുവഴി പൊലീസ് വരുമ്പോള്‍ തന്നെ പതിയിരുന്ന് ആക്രമിക്കാനുള്ള സമയം ദുബെയുടെ സംഘത്തിന് ലഭിച്ചു. റെയ്ഡിനിടെ വീട്ടില്‍ ഒരു ആയുധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ദയാശങ്കര്‍ പറഞ്ഞു. വെടിവയ്പിനിടെ തന്നെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും താന്‍ പൊലീസിനുനേരെ വെടിവച്ചില്ലെന്നും ദയാശങ്കര്‍ പറഞ്ഞു. പോലീസ് പാര്‍ട്ടിക്ക് നേരെ വെടിവയ്പില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് റെയ്ഡിനിടെ ദുബെയെയും സഹായികളെയും ഇരുട്ടില്‍ ഓടിപ്പോകാന്‍ സഹായിക്കുന്നതിനായി വിക്രു ഗ്രാമത്തിലെ വൈദ്യുതി വിതരണം വിച്ഛേദിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. റെയ്ഡിനിടെ വിക്രു ഗ്രാമത്തിലെ വൈദ്യുതി വിതരണം തടയാന്‍ ചുബേപൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വൈദ്യുത വകുപ്പിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ചുബേപൂരിലെ എസ്എച്ച്ഒ വിനയ് തിവാരിയെ സസ്‌പെന്‍ഡ് ചെയ്തു. പോലീസ് റെയ്ഡിന് മുന്നോടിയായി ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

അതേസമയം മാഫിയാ തലവന്‍ വികാസ് ദുബൈയ്ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദുബൈ നേപ്പാളിലേക്ക് കടക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്, അതിര്‍ത്തി ഗ്രാമങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്,അതിര്‍ത്തിയില്‍ പലയിടത്തും ഇയ്യാളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് കൊല്ലപെട്ടത്,
ഇയ്യാളെ പിടികൂടുന്നതിനായി ഉത്തര്‍ പ്രദേശ് പോലീസ് സംസ്ഥാനത്ത് വ്യാപക തിരച്ചിലാണ് നടത്തുന്നത്,നേപ്പാള്‍ അതിര്‍ത്തി അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.