വാളയാര്‍ കേസ് ; പെണ്‍കുട്ടികളുടെ സഹോദരനെ വീട്ടില്‍ നിന്ന് മാറ്റാന്‍ പൊലീസിന്റെ ഗൂഢനീക്കം
വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ സഹോദരനെ വീട്ടില്‍ നിന്നും മാറ്റാന്‍ പൊലീസിന്റെ ഗൂഢ നീക്കമെന്നു പരാതി. കുട്ടിയുടെ ജീവന് ഭീഷണി ഉണ്ട് എന്ന പേരിലാണ് പോലീസ് പുതിയ നീക്കം നടത്തുന്നത്. ഡിവൈസ്പി എംജെ സോജനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പൊലീസ് ഈ നീക്കം നടത്തിയിരിക്കുന്നത്. പൊലീസിന്റെ ആവശ്യത്തിനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തി.
എന്തുകാരണം കൊണ്ടും കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റില്ലെന്നും അമ്മ പറഞ്ഞു. കുട്ടി മാത്രമല്ല വീട്ടില്‍ താമസിക്കുന്നത്. മറ്റുള്ളവരുടെ ജീവന് ഭീഷണി ഇല്ലേയെന്നും അമ്മ ചോദിച്ചു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന സമയത്ത് കുട്ടിക്ക് എതിരെ രണ്ട് പ്രാവശ്യം അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും രണ്ട് ദിവസം മുന്‍പ് കുട്ടിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ പൊലീസ് ഇപ്പോള്‍ കുട്ടിയുടെ പഠനാര്‍ത്ഥം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതായും അമ്മ പറഞ്ഞു.
നേരത്തെ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാന്‍ കൂടെ നിന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേസ് അന്വേഷിച്ച ഡിവൈഎസ്പി എംജെ സോജന് എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയ വിഷയത്തിലായിരുന്നു പ്രതികരണം. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതായും നിര്‍ഭയയുടെ അമ്മ തെരുവിലിറങ്ങിയതുപോലെ മക്കളുടെ നീതിയ്ക്കായി താനും തെരുവിലിറങ്ങുമെന്നും അമ്മ വി ഭാഗ്യവതി പറഞ്ഞിരുന്നു.