സ്വപ്നയും സരിത്തുമായി അടുത്ത ബന്ധമെന്ന് സൗമ്യയുടെ മൊഴി
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ നിർണായക മൊഴി. സരിത്തിന്റെയും സ്വപ്നയുടെയും അടുത്ത സുഹൃത്തായിരുന്ന സന്ദീപ് നായരുടെ ഭാര്യ സൗമ്യ ആണ് നിർണ്ണായക മൊഴി നൽകിയത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്ത സൗമ്യയെ ബുധനാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്. ഭർത്താവ് സന്ദീപ് ഇടയ്ക്കിടെ ദുബായ് യാത്ര നടത്താറുണ്ടായിരുന്നു എന്ന് സൗമ്യ മൊഴി നൽകിയത്. എന്നാൽ, യാത്രകൾ കള്ളക്കടത്തിന് ആയിരുന്നോയെന്ന് അറിയില്ലെന്നും സന്ദീപിന് സ്വപ്നയും സരിത്തുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും സൗമ്യ മൊഴി നൽകി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് ജൂൺ 30നാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് മുൻ പി ആർ ഒ സരിത്തിനെ ചോദ്യം ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്നയുടെ പങ്ക് വ്യക്തമായത്. എന്നാൽ, വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്ന ഒളിവിൽ പോയിരുന്നു. സ്വപ്നയ്ക്ക് പിന്നാലെ സ്വപ്നയുടെയും സരിത്തിന്റെയും അടുത്ത സുഹൃത്തായ സന്ദീപും ഒളിവിൽ പോയിരുന്നു. സ്വർണക്കടത്തിൽ സന്ദീപിനും പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആയിരുന്നു സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത്.
അതേസമയം സന്ദീപിന്റെ സ്ഥാപനമായ കാർബൺ ഡോക്ടറിന്റെ ഉദ്ഘാടന വേളയിൽ സ്വപ്നയെ കണ്ടിരുന്നതായി സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു. സന്ദീപിന് യുസ്ഡ് കാർ വിൽപ്പനയും സിസിക്ക് വാഹനങ്ങൾ വാങ്ങി ഉപയോഗിച്ച ശേഷം വാങ്ങിയതിനേക്കാൾ കൂടുതൽ വില കിട്ടുമ്പോൾ വിൽക്കുന്നതും ആയിരുന്നു പരിപാടിയെന്നും ഉഷ പറഞ്ഞു. അതുകൊണ്ടാണ് വിവിധ മോഡൽ കാർ സന്ദീപ് ഉപയോഗിച്ചിരുന്നതെന്നും നമ്മുടെ സാമ്പത്തിക കാര്യങ്ങൾ പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ലെന്നും ഉഷ പറഞ്ഞു. സൗമ്യയെ സംബന്ധിച്ചിടത്തോളം കൈയിൽ കാശുണ്ടെങ്കിൽ കാശ് കയ്യിൽ വയ്ക്കാതെ സ്വർണമാക്കി കൈയിലോ കാതിലോ ഇടുന്നതാണ് ശീലമെന്നും ഉഷ പറയുന്നു.
താൻ സി.പി.എം പാർട്ടി മെമ്പറാണ് എന്ന് വ്യക്തമാക്കിയ അവർ എന്നാൽ പാർട്ടിയിൽ നിന്നൊന്നും കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു. കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്നും സന്ദീപിന്റെ അമ്മ വ്യക്തമാക്കി.അതേസമയം സന്ദീപ് സംഘപരിവാർ അനുഭാവിയാണ് എന്ന് ‘അമ്മ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.