മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. മാവേലിക്കര വെട്ടിയാര്‍ സ്വാദേശിനി ദേവികയുടെ ഫലം ആണ് പോസിറ്റീവ് ആയത്.  ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിന് (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേവികക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്ചയാണ് രണ്ടുപേരെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രണ്ടുമാസം ഗര്‍ഭിണിയായ ദേവികാദാസിന്റെ മൃതദേഹം തറയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് ആറിനായിരുന്നു. സാരിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിന്‍ ജേക്കബ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള വീട്ടില്‍ ഇവര്‍ വാടകക്കു താമസിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ മാന്നാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.